ഐക്യകേരളം പിറവി കൊണ്ടിട്ട് 7പതിറ്റാണ്ട്; 70ന്റെ നിറവിൽ ദൈവത്തിന്റെ സ്വന്തം നാട്: ഇന്ന് കേരളപ്പിറവി


 തിരുവനന്തപുരം : കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനമെന്ന പ്രത്യേകത ഇത്തവണയുണ്ട്. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. സർക്കാരിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.


1956 നവംബർ 1ന് ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം രൂപീകരിച്ചു. പിന്നീടുണ്ടായത് ചരിത്രം. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകൾ. ഭൂപരിഷ്കരണ ബിൽ, വിദ്യാഭ്യാസ ബിൽ, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയ ആസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങൾ, തുടങ്ങി പ്രതീക്ഷയുടെ എത്രയെത്ര വിളക്കുമാടങ്ങൾ.


രാജ്യത്ത് ആ​ദ്യമായി 100 ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറി കേരളം. ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയായി. വിനോദ സഞ്ചാര രം​ഗത്ത് വലിയ മുന്നേറ്റം. കേരളത്തിന്റെ തനത് കലാരൂപങ്ങൾ വിദേശ രാജ്യങ്ങളിൽ പോലും ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടവും തെയ്യവും കളരിപ്പയറ്റും ​ഗോത്ര കലകളും ഉൾപ്പെടെ വൈവിധ്യമാർന്ന കലാരൂപങ്ങളിൽ വിദേശനാടുകളിൽ പോലും പഠനങ്ങൾ നടക്കുന്നു.


കേരളപ്പിറവിയുടെ എഴുപതാം വാർഷിക ആഘോഷ നിറവിൽ തലസ്ഥാനത്ത് മാതൃഭാഷാ സ്നേഹവും ജനാധിപത്യ ഓർമ്മകളും സംഗമിക്കുന്ന വിപുലമായ പരിപാടികൾക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തിൽ വച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ സ്പീക്കർമാർ, ഡെപ്യൂട്ടി സ്പീക്കർമാർ, മുൻ സെക്രട്ടറിമാർ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച മുൻ നിയമസഭാംഗം എം.ജെ. ജേക്കബിനെയും വിശിഷ്ടമായി ആദരിക്കും.ഇതോടൊപ്പം നിയമസഭാ ലൈബ്രറി റഫറൻസ് ഹാളിൽ സംഘടിപ്പിക്കുന്ന എട്ടുദിവസം നീണ്ടുനിൽക്കുന്ന പുസ്തക പ്രദർശനവും രാവിലെ 9:15-ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

Post a Comment

أحدث أقدم