ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ കാര്‍ത്തിക ദീപം തെളിയിച്ചത് പീഡനക്കേസ് പ്രതി; ആഘോഷത്തില്‍ അന്വേഷണവുമായി ആലപ്പുഴ എസ്പി



ആലപ്പുഴ: ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ തൃക്കാർത്തിക ആഘോഷം സംഘടിപ്പിച്ചതില്‍ അന്വേഷണത്തിന് ആലപ്പുഴ എസ്പി .

സഹപ്രവർത്തകയെ കടന്നുപിടിച്ച കേസിലെ പ്രതിയായ പൊലീസുകാരൻ ഭദ്രദീപം തെളിയിച്ച്‌ പരിപാടി ഉദ്ഘാടനം ചെയ്തതും വിവാദമായിരുന്നു. ഗുരുതരമായ ചട്ടലംഘനം ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.


കായംകുളം ട്രാഫിക് എൻഫോഴ്സ്മെൻ്റ് യൂണിറ്റിലെ സീനിയർ സിപിഒയും കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനാ നേതാവുമായ ചവറ മുകുന്ദപുരം സ്വദേശി നവാസാണ് (52) പരിപാടി ഉദ്ഘാടനം ചെയ്തത്. പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങളില്‍ മതപരമായ ചടങ്ങുകളോ ദേവരൂപങ്ങളോ സ്ഥാപിക്കരുതെന്ന സുപ്രീം കോടതി നിർദേശം നിലനില്‍ക്കെയാണ് ഹരിപ്പാട് സ്റ്റേഷൻ വളപ്പില്‍ ശിവൻ്റെയും പാർവതിയുടെയും ചിത്രങ്ങളും കട്ട്‌ഔട്ടുകളും സ്ഥാപിച്ച്‌ ദീപാലങ്കാരം നടത്തിയത്. ജില്ലാ പൊലീസ് മേധാവി ഇതിന് അനുമതി നല്‍കിയിരുന്നില്ല. 2022-ന് ശേഷം നിർത്തിവെച്ചിരുന്ന ചടങ്ങ്, ഹരിപ്പാട് സിഐയുടെ നേതൃത്വത്തില്‍ എസ്പിയുടെ നിർദേശം മറികടന്ന് വീണ്ടും നടത്തുകയായിരുന്നു.

ആഘോഷത്തിനായി ഹരിപ്പാട്, വീയപുരം സ്റ്റേഷനുകളിലെ 78 പൊലീസുകാരില്‍ നിന്ന് 200 രൂപ വീതം പിരിച്ചെടുത്തതായും, പൊതുജനങ്ങളില്‍ നിന്ന് പണപ്പിരിവ് നടത്തിയതായും പരാതിയുണ്ട്. നേരത്തെ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ പൂജ നടത്തിയതിന് മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ നടപടിയെടുത്ത സംഭവം ചൂണ്ടിക്കാട്ടിയിട്ടും ഉദ്യോഗസ്ഥർ ആഘോഷവുമായി മുന്നോട്ട് പോവുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തിലെ സ്റ്റേഷനില്‍ നടന്ന ഈ സംഭവം സേനയ്ക്കുള്ളിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.


2025 നവംബർ 14 ന് നീണ്ടകര കോസ്റ്റല്‍ സ്റ്റേഷനില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നതിനിടെ ഒപ്പം ജോലി ചെയ്തിരുന്ന വനിതാ പൊലീസുകാരിയെ കടന്നുപിടിച്ച കേസിലെ പ്രതിയാണ് നവാസ്. സ്റ്റേഷനിലെ സിസിടിവിയില്‍ നിന്ന് അതിക്രമത്തിൻ്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

പൊലീസുകാരി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ നീണ്ടകര പൊലീസ് കേസെടുക്കുകയും ഇയാള്‍ക്കെതിരെ നടപടിയുണ്ടാവുകയും ചെയ്തിരുന്നു. കേസിന്‍റെ കോടതി വിചാരണ തുടങ്ങാനിരിക്കെയാണ് ഭരണസ്വാധീനം ഉപയോഗിച്ച്‌ ഇയാള്‍ സർവീസില്‍ തിരിച്ചെത്തിയത്. ജില്ലയിലെ പൊലീസുകാരുടെ സ്ഥലംമാറ്റവും പ്രൊമോഷനും നിയന്ത്രിക്കുന്നത് നവാസാണെന്ന ആക്ഷേപവും സേനയ്ക്കുള്ളില്‍ ശക്തമാണ്.

Post a Comment

أحدث أقدم