ഷുക്കൂറിന്റെ രക്തം പി ജയരാജന്റെ കൈയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു; അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം തുടരുമെന്ന് സഹോദരന്‍ ദാവൂദ്

 


കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സുപ്രീംകോടതി വരെ നിയമപോരാട്ടം തുടരുമെന്ന് സഹോദരന്‍ ദാവൂദ്. ഗൂഢാലോചന തെളിയിക്കാനുള്ള രണ്ടു സാക്ഷികള്‍ ഹാജരായില്ല. കോടതിയില്‍ എന്താണ് സംഭവിച്ചത് എന്നത് കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതാണ്. ഷുക്കൂറിന്റെ രക്തം പി ജയരാജന്റെ കയ്യില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും ദാവൂദ് പറഞ്ഞു.


അടുത്ത ദിവസം തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ദാവൂദ് പറഞ്ഞു. സിബിഐയും അതുപോലെ അപ്പൂല്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി സാക്ഷികളെയൊക്കെ ഹാജരാക്കിയിട്ടുണ്ടായിരുന്നു. കോടതിയുടെ ഭാഗത്ത് നിന്ന് എന്തുകൊണ്ടാണ് ഇങ്ങനെയൊരു വിധിയുണ്ടായത് എന്ന് വ്യക്തമല്ല. പത്ത് പതിനാല് വര്‍ഷത്തിന് ശേഷമാണ് ഇങ്ങനെ ഒരു നിയമ പോരാട്ടത്തിന് അന്ത്യമാകുന്നത്. അത് ഈ കേസിലെ വലിയൊരു വെല്ലുവിളിയായിരുന്നു. പ്രധാന പ്രതിയായ സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പറ്റിയിട്ടില്ല എന്നാണ് പറയുന്നത്. അതുമായി ബന്ധപ്പെട്ട് എത്തേണ്ട രണ്ട് സാക്ഷികള്‍ വന്നില്ല. അവര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. ഭയം ഉണ്ടായിരിക്കാം. ഷുക്കൂറിന്റെ രക്തം പി ജയരാജന്റെ കൈയില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഞങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുന്നു. ഇതിനേക്കാള്‍ നല്ല വിധി പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു. കീഴ്‌കോടതിക്ക് മുകളില്‍ മേല്‍കോടതി ഉണ്ട്. സുപ്രീംകോടതി വരെയുള്ള കോടതി വരെയുള്ള നിയമപോരാട്ടം വീണ്ടും തുടങ്ങും. അതില്‍ പ്രതീക്ഷയുണ്ട്.

അതേസമയം, കേസില്‍ ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കും. ഒന്നാം പ്രതി കെ വി സുമേഷ് ഉള്‍പ്പെടെയുള്ളവരെയാണ് എറണാകുളം സബ് ജയിലില്‍ നിന്ന് കണ്ണൂരില്‍ എത്തിക്കുക. എല്ലാവര്‍ക്കും ജീവപര്യന്തം ശിക്ഷ സിബിഐ കോടതി വിധിച്ചിരുന്നു. കേസില്‍ ആകെ 13 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്.


സിപിഐഎം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ് എന്നിവര്‍ അടക്കം 18 പേരെ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കും. സാക്ഷികളെ എത്തിക്കുന്നതില്‍ അടക്കം പ്രോസിക്യൂഷന് ഗുരുതര വീഴ്ച്ച സംഭവിച്ചെന്നാണ് വിധി പകര്‍പ്പില്‍ പറഞ്ഞിരുന്നത്.

Post a Comment

أحدث أقدم