കൊല്ലത്ത് പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ; സ്‌കൂൾ പ്രിൻസിപ്പളിനെ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റി



കൊല്ലം: ശൂരനാട് പ്ലസ് ടു വിദ്യാർത്ഥി നിരഞ്ജന്റെ (17) ആത്മഹത്യയ്‌ക്ക് പിന്നാലെ സ്‌കൂൾ പ്രിൻസിപ്പളിനെ സ്ഥലംമാറ്റി.

കോഴിക്കോട്ടേക്കാണ് പ്രിൻസിപ്പളായ ഡോ. സന്ധ്യാകുമാരിയെ സ്ഥലംമാറ്റിയത്. നിരഞ്ജനോട് പ്രിൻസിപ്പൾ മോശമായി പെരുമാറിയെന്നും സ്‌കൂളിലെ മറ്റ് അദ്ധ്യാപികമാരുടെ മാനസിക പീഡനമാണെന്ന് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പുതല നടപടി ഉണ്ടായിരിക്കുന്നത്.


നിരഞ്ജന്റെ മരണത്തിന് പിന്നാലെ സഹപാഠികളും മറ്റ് വിദ്യാർത്ഥികളും വലിയ രീതിയിലുള്ള പ്രതിഷേധം സ്‌കൂളിൽ നടത്തിയിരുന്നു. നിരഞ്ജന്റെ മൃതദേഹവുമായി സ്‌കൂളിലെത്തി ഇവർ പ്രതിഷേധിച്ചു. 

തുടർന്ന് സ്‌കൂളിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത രീതിയിൽ പ്രതിഷേധമുയ‌ർന്നു. പ്രിൻസിപ്പളിനെതിരെ നടപടിയെടുക്കുന്നതുവരെ പഠനത്തോട് സഹകരിക്കാതെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. തുടർന്ന് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് പ്രിൻസിപ്പാളിനെതിരെ നടപടിയെടുത്തിരിക്കുന്നത്. സ്‌കൂളിന്റെ പ്രവർത്തനം പഴയപടിയാക്കുന്നതിനാണ് നടപടിയെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.

സ്‌കൂളിലെ വിനോദയാത്രയ്ക്കിടെ സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന്റെ പേരിൽ പ്രിൻസിപ്പലും അദ്ധ്യാപകരും മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് നിരഞ്ജനെ അപമാനിച്ചതായും രക്ഷിതാക്കളെ വിളിച്ചുവരുത്തി വഴക്കുപറഞ്ഞതായും കുടുംബവും സഹപാഠികളും ആരോപിക്കുന്നു. നവംബർ 22ന് പുലർച്ചെ ആനയടിയിലെ വീട്ടിലാണ് നിരഞ്ജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ശൂരനാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. സംസ്ഥാന ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്ത് റിപ്പോർട്ട് തേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post