ഇന്ത്യയില്‍ സോഷ്യല്‍ മീഡിയയ്ക്ക് കടിഞ്ഞാണിട്ട് മെറ്റ; 6 മാസത്തിനിടെ നീക്കിയത് 54.39 ലക്ഷം കണ്ടൻ്റുകള്‍



ഡല്‍ഹി: ഇന്ത്യയില്‍ പ്രാദേശിക നിയമങ്ങളുടെയും സർക്കാർ-കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ സമൂഹമാധ്യമ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നത് വൻതോതില്‍ വർധിച്ചു.

2026 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറു മാസത്തിനിടെ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 54.39 ലക്ഷം പോസ്റ്റുകള്‍ക്കും അക്കൗണ്ടുകള്‍ക്കുമാണ് 'മെറ്റ' നിയന്ത്രണമേർപ്പെടുത്തിയത്. തൊട്ടുമുൻപുള്ള ആറു മാസക്കാലയളവില്‍ ഇത് വെറും 41,400 ആയിരുന്നു. അതായത്, ഇന്ത്യയിലെ ഉള്ളടക്ക നിയന്ത്രണങ്ങളില്‍ 13,000 ശതമാനത്തിലധികം വർധനവാണുണ്ടായത്.


സമാനമായ രീതിയില്‍, ഇന്ത്യൻ അധികൃതരില്‍ നിന്നും കോടതികളില്‍ നിന്നുമായി ഗൂഗിളിന് ലഭിച്ച ഉള്ളടക്കം നീക്കം ചെയ്യാനുള്ള അപേക്ഷകളില്‍ 61 ശതമാനത്തിലധികം വർധനവുണ്ടായി. 2,483 ല്‍ നിന്ന് 4,006 അപേക്ഷകളായാണ് ഇത് ഉയർന്നത്. ഗൂഗിള്‍ സേവനങ്ങളായ സെർച്ച്‌, യൂട്യൂബ് എന്നിവയില്‍ നിന്നായി 65,091 ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാനാണ് അധികൃതർ ആവശ്യപ്പെട്ടത്.

ഓണ്‍ലൈൻ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ ഈയിടെ കർശനമാക്കിയിരുന്നു. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ 'സഹയോഗ്' പോർട്ടല്‍ വഴിയുള്ള നടപടികള്‍ വ്യാപകമാക്കിയതിന് പിന്നാലെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. മെറ്റയുടെ സുതാര്യതാ റിപ്പോർട്ട് പ്രകാരം, ആഗോളതലത്തില്‍ ഉള്ളടക്ക നിയന്ത്രണങ്ങള്‍ 2.7% കുറഞ്ഞപ്പോഴാണ് ഇന്ത്യയില്‍ ഇത്രയധികം വർധനവുണ്ടായത്. ആഗോളതലത്തില്‍ മെറ്റ നിയന്ത്രിച്ച 2.71 കോടി ഉള്ളടക്കങ്ങളില്‍ 20 ശതമാനത്തിലധികവും ഇന്ത്യയിലാണ്. ശരാശരി ഓരോ ദിവസവും 30,000-ത്തിലധികം അഥവാ ഓരോ മൂന്ന് സെക്കൻഡിലും ഒരു പോസ്റ്റോ അക്കൗണ്ടോ ഇന്ത്യയില്‍ നിയന്ത്രിക്കപ്പെടുന്നു.

മെറ്റ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഫെയ്‌സ്ബുക്ക് നിയന്ത്രിച്ച പോസ്റ്റുകള്‍ 23,000-ല്‍ നിന്ന് 28.02 ലക്ഷമായി ഉയർന്നു. 11,182 പ്രൊഫൈലുകള്‍ക്കും നിയന്ത്രണമേർപ്പെടുത്തിയെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമില്‍ നിയന്ത്രിച്ച ഉള്ളടക്കങ്ങള്‍ 10,500-ല്‍ നിന്ന് 26 ലക്ഷത്തിലധികമായി. 12,989 അക്കൗണ്ടുകള്‍ക്കും പൂട്ടുവീണു.

കേന്ദ്ര ഇലക്‌ട്രോണിക്സ്-ഐടി മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ (I4C), സംസ്ഥാന പൊലീസ് ഏജൻസികള്‍ എന്നിവരുടെ നിർദേശപ്രകാരമാണ് മെറ്റയുടെ നടപടികള്‍. ഐടി നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരമാണ് I4C നോട്ടീസുകള്‍ നല്‍കിയത്.


ഗൂഗിളിന് ലഭിച്ച 4,006 അപേക്ഷകളില്‍ 2,870 എണ്ണവും പൊലീസ് ഏജൻസികളില്‍ നിന്നാണ്. മുൻവർഷത്തെ അപേക്ഷിച്ച്‌ പൊലീസ് അപേക്ഷകളില്‍ 184% വർധനവുണ്ടായി. ആഗോളതലത്തില്‍ റഷ്യയ്ക്കും ദക്ഷിണ കൊറിയയ്ക്കും പിന്നിലായി ഗൂഗിളിന് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ നല്‍കിയത് ഇന്ത്യൻ പൊലീസാണ്. പൊലീസ് നിർദേശപ്രകാരം ഗൂഗിള്‍ നീക്കം ചെയ്ത ഉള്ളടക്കങ്ങളുടെ എണ്ണം 1,008-ല്‍ നിന്ന് 8,321 ആയി (725% വർധന) കുതിച്ചുയർന്നു.

Post a Comment

أحدث أقدم