തിരുവനന്തപുരം വെട്ടുകാട് പള്ളിത്തിരുന്നാള്‍; ഇന്നും നാളെയും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും



തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് (Madre De Deus) പള്ളിയിലെ തിരുന്നാളിനോടനുബന്ധിച്ച്‌ ഇന്നും നാളെയും (ശനി, ഞായർ) പ്രത്യേക ഗതാഗത നിയന്ത്രണം.

വെട്ടുകാട്, കൊച്ചിവേളി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് ശനി, ഞായർ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയതെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.


ശനി, ഞായർ ദിവസങ്ങളില്‍ നടക്കുന്ന പ്രദിക്ഷണങ്ങളെത്തുടർന്ന് ശംഖുമുഖം - കൊച്ചുവേളി റോഡിലെ ഗതാഗതം വഴിതിരിച്ചുവിടും. ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 10 മണി വരെയും ഞായറാഴ്ച രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി വരെയുമാണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് സൗത്ത് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്.


തീരദേശ പാതയിലൂടെ പ്രത്യേകിച്ച്‌ ശംഖുമുഖത്തിനും കൊച്ചുവേളിക്കും ഇടയില്‍ യാത്ര ചെയ്യുന്നവരെ നിയന്ത്രണങ്ങള്‍ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ യാത്രകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഗതാഗത മാറ്റങ്ങള്‍ കൂടി കണക്കിലെടുക്കണമെന്ന് വാഹനയാത്രക്കാർക്ക് അധികൃതർ നിർദേശം നല്‍കി.


ശംഖുമുഖം - കൊച്ചുവേളി റോഡ്, വെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ചർച്ച്‌ റോഡ്, ബാലനഗർ റോഡ്, വെട്ടുകാട് എല്‍പി സ്കൂള്‍ റോഡ് എന്നിവിടങ്ങളില്‍ വാഹനം പാർക്ക് ചെയ്യാൻ പാടില്ലെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനങ്ങള്‍ ഉപയോഗിച്ച്‌ നീക്കം ചെയ്യുകയും നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.


വെട്ടുകാട് തിരുന്നാള്‍ ആഘോഷവേളയില്‍ ഘോഷയാത്ര സുഗമമാക്കുന്നതിനും പ്രദേശത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായാണ് ഈ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത ക്രമീകരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2558731, 9497990005 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. വെട്ടുകാട് പള്ളിത്തിരുന്നാള്‍ ആഘോഷം നവംബർ 22 വരെയാണ് നീണ്ടുനില്‍ക്കുക. പത്തുദിവസത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.


ആഘോഷവേളയില്‍ സുരക്ഷ ശക്തമാക്കുന്നതിനായി പോലീസ് വിപുലമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വനിതാ പോലീസ് ഉദ്യോഗസ്ഥരെയും ആഘോഷസ്ഥലത്തും പരിസരത്തും വിന്യസിച്ചിട്ടുണ്ട്. ലഹരിവസ്തുക്കളുടെ വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി പോലീസ്, എക്സൈസ് വകുപ്പ്, നഗരസഭ, പള്ളി കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധനകള്‍ നടത്തുന്നുണ്ട്. നിരീക്ഷണം ശക്തമാക്കുന്നതിനായി പള്ളി കമ്മിറ്റി പരിസരത്ത് 60 സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم