തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ്; ഫ്ലാഗ് ഓഫ് ചെയ്‌ത് മന്ത്രി സി പി ജോണ്‍



തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് സുഗമവും സുരക്ഷിതവുമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് പമ്പയിലേക്കുള്ള കെഎസ്‌ആർടിസി എയർ കണ്ടീഷൻ ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.


തീർത്ഥാടകർക്ക് കേവലം 340 രൂപ ടിക്കറ്റ് നിരക്കില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പമ്പയിലേക്ക് എ സി ബസില്‍ യാത്ര ചെയ്യാം. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് 380 മാത്രമാണ് ടിക്കറ്റ് നിരക്ക്. മണ്ഡല -മകരവിളക്ക് തീർത്ഥാടന കാലം മുഴുവൻ ഈ സർവീസ് തുടരും. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിമാനമാർഗം എത്തുന്ന തീർത്ഥാടകർക്ക് പുറമേ, മറ്റുള്ളവർക്കും മുൻകൂട്ടി ബുക്ക് ചെയ്ത് ഈ യാത്രാ സൗകര്യം ഉപയോഗിക്കാനാകും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എയർപോർട്ടുകളില്‍ കൂടുതല്‍ സർവീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ഇനി മുതല്‍ ഇരുമുടിക്കെട്ട് നിറച്ച്‌ തീർത്ഥാടകർ ബസ് സ്റ്റേഷനുകളിലേക്ക് എത്തുന്നതിന് പകരം, അവരുടെ വീടിനോ ക്ഷേത്രത്തിനോ സമീപത്ത് നിന്ന് തന്നെ കെഎസ്‌ആർടിസി ബസില്‍ യാത്ര തുടങ്ങാനുള്ള ചാർട്ടേഡ് ട്രിപ്പും ഒരുക്കിയിട്ടുണ്ട്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്തസംഘങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കും ആവശ്യങ്ങള്‍ക്കനുസരിച്ച്‌ കെഎസ്‌ആർടിസി ബസുകള്‍ മുൻകൂട്ടി ബുക്ക് ചെയ്‌ത് യാത്ര ചെയ്യാൻ ഈ സംവിധാനം വഴി സാധിക്കും.

യാത്രക്കാരുടെ എണ്ണം, യാത്ര ആരംഭിക്കുന്ന സ്ഥലം, തീയതി, സമയം, യാത്രയുടെ ദൈർഘ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ ചാർട്ടേഡ് സർവീസുകള്‍ ക്രമീകരിക്കാനുമാകും. ഭക്തർക്ക് സ്വന്തം പ്രദേശത്തുനിന്ന് തന്നെ പമ്പയിലേക്കും തിരിച്ചും നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നലെ രാത്രി ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് ഫ്ലൈറ്റില്‍ വന്നിറങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള തീർത്ഥാടകർക്ക് പൂക്കളും അയ്യപ്പസ്വാമിയുടെ ചിത്രവും ഉപഹാരമായി നല്‍കിയ ശേഷമാണ് മന്ത്രി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്‌തത്.


ചടങ്ങില്‍ കെഎസ്‌ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫീസർ പി കെ അജു, പ്രോജക്‌ട് ഹെഡ് കെ എസ് ഷിബുകുമാർ, അദാനി ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻ ഹെഡ് മഹേഷ് ഗുപ്‌തൻ, വാർഡ് കൗണ്‍സിലർ ഷീബ പാട്രിക്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സേവ്യർ ലോപ്പസ്, കെഎസ്‌ആർടിസി ഡിപ്പോ എഞ്ചിനീയർ എൻ നിസ്‌താർ, ഡെപ്യൂട്ടി ജനറല്‍ മാനേജർ (ഐ ടി) എസ് നിഷാന്ത്, ചീഫ് ട്രാഫിക് മാനേജർ ഉദയകുമാർ, തിരുവനന്തപുരം സെൻട്രല്‍ ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ ബി എസ് ഷിജു തുടങ്ങിയവർ പങ്കെടുത്തു.

രാത്രി ഒമ്പതരയ്‌ക്ക് പമ്പയിലേക്കും വൈകിട്ട് ഏഴ് മണിക്ക് തിരികെ വിമാനത്താവളത്തിലേക്കും എത്തുന്ന രീതിയിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. നെടുമ്പാശേരിയില്‍ നിന്ന് രാത്രി എട്ടരയ്‌ക്ക് പമ്പയിലേക്കും തിരികെ വൈകിട്ട് ഏഴുമണിക്ക് വിമാനത്താവളത്തിലേക്കുമാണ് സർവീസ്. വിവിധ വിമാനങ്ങളില്‍ വന്നിറന്ന ഭക്തർക്ക് വിരിവയ്‌ക്കുവാനും വിശ്രമിക്കുവാനും പ്രത്യേക സൗകര്യം ഇരു വിമാനത്താവളങ്ങളിലും ഒരുക്കിയിട്ടുണ്ട്. കെഎസ്‌ആർടിസി ബുക്കിംഗ് സൈറ്റ് വഴിയും വിമാന ബുക്കിംഗ് സൈറ്റുകള്‍ വഴിയും ബുക്ക് ചെയ്യാനാകും. വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് വെബ്സൈറ്റുകളില്‍ കെഎസ്‌ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്കും ലഭ്യമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم