കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ വയോധിക മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് നിർദേശം നല്കി ഡിഎംഒ.
ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. ചികിത്സാ പിഴവ് ഉണ്ടായെന്നും മരണവിവരം ഡോക്ടേഴ്സ് മറച്ചുവച്ചെന്നുമാണ് മരിച്ച ചെമ്പ്രകാനം സ്വദേശി മാധവിയുടെ ബന്ധുക്കളുടെ ആരോപണം. ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം ഉണ്ടായി എന്നാണ് വിശദീകരണം.
ശസ്ത്രക്രിയക്ക് ശേഷം പുറത്ത് കൊണ്ടു വന്ന മാധവിക്ക് എന്താണ് സംഭവിച്ചത് എന്നറിയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും മാധവിക്ക് ഉണ്ടായിരുന്നില്ലെന്നും മരണ വിവരം പോലും കൃത്യമായി അറിയിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പരാതി.
അനസ്തേഷ്യ നല്കുമ്പോഴോ ശസ്ത്രക്രിയക്കിടയിലോ പിഴവ് സംഭവിച്ചോയെന്നാണ് കുടുംബത്തിന്റെ സംശയം. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലേക്ക് മാറ്റുമ്പോള്‍ ബി പി കുറഞ്ഞിരുന്നുവെന്നും ആശുപത്രി അധികൃതർ. സംഭവത്തില്‍ ഡിഎംഒക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.
സംഭവത്തില്‍ പ്രതിഷേധാവുമായി ഡിവൈഎഫ്ഐ പ്രവർത്തകരും എത്തി. സുപ്രണ്ടിനെ ഉപരോധിച്ചിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന രേഖമൂലം ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം അവസാനിച്ചത്. മാധവിയുടെ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം ചെയ്യും.

إرسال تعليق