ചേരാനല്ലൂർ വാഹനാപകട കേസ്:'എന്റെ അറിവോടെയല്ല മകൻ കാര്‍ കൊണ്ടുപോയത്..ആർസി റദ്ദാക്കരുത്';കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി ജഡ്ജി




കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസില്‍ പ്രതിയായ സെഷൻസ് കോടതി ജഡ്ജി മോട്ടോർ വാഹനവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി.

തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും, RC റദ്ദാക്കരുതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. മുൻ കോടതി ഉത്തരവുകള്‍ കൂടി ചേർത്താണ് ജഡ്ജിയുടെ മറുപടി.


വാഹനം തന്റെ പേരിലാണ് എന്നാല്‍ അപകടത്തില്‍ തനിക്ക് പങ്കില്ല. കേസ് കോടതിയ്ക്ക് മുൻപാകെയാണ്

ഉള്ളത്. ഈ സാഹചര്യത്തില്‍ RC റദ്ദാക്കാനുള്ള തീരുമാനത്തിലേക്ക് കടക്കുന്നത് നിയമ വിരുദ്ധമാകുമെന്നും മറുപടിയില്‍ പറയുന്നു. ജഡ്ജിയുടെ മറുപടിയില്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടർ തീരുമാനം എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.


അതേസമയം, വാഹനാപകടക്കേസില്‍ 17കാരന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിച്ച ജുവനൈല്‍ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവും ജാമ്യം ശരിവെച്ച കുട്ടികളുടെ കോടതിയുടെ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മക്കളായ ഭദ്രകീർത്തിയും ഭരത് ശങ്കറും ഹർജി നല്‍കിയിരുന്നു.

ഒക്‌ടോബർ 25നായിരുന്നു ചേരാനല്ലൂരില്‍ പതിനേഴുകാരൻ അമിതവേഗത്തില്‍ ഓടിച്ച ബെൻസ്‌ കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്‌ണൻ (55) മരിച്ചത്‌. സംഭവത്തിനുപിന്നാലെ കേസ്‌ അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി.


പതിനേഴുകാരനെ ദുർബലവകുപ്പുകള്‍ ചുമത്തി ജാമ്യത്തില്‍ വിട്ടു. പ്രതിഷേധം ഉയർന്നതോടെയാണ്‌ കുറ്റകരമായ നരഹത്യ ചുമത്തിയത്‌. സംഭവമറിഞ്ഞെത്തിയ ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ ജഡ്‌ജി പൊലീസ്‌ സ്‌റ്റേഷനില്‍ ധിക്കാരപരമായി പെരുമാറിയത്‌ വിവാദമായിരുന്നു. ഗുരുതരമായ വകുപ്പ് ചുമത്താത്തതിനാല്‍ പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം ലഭിക്കാനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. കാറോടിക്കാനുള്ള ആഗ്രഹം മൂലം വീട്ടുകാരുടെ അറിവില്ലാതെയാണ് താൻ വാഹനവുമായി പുറത്തിറങ്ങിയത്. ഇരുട്ടും മഴയുമുള്ള സമയമായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കണ്ടിരുന്നില്ലെന്നും സ്കൂട്ടർ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നുമായിരുന്നു പതിനേഴുകാരന്റെ മൊഴി.

Post a Comment

أحدث أقدم