'പാര്‍ട്ടിക്ക് ഒരു സംസ്കാരമുണ്ടെന്ന് ഓര്‍ക്കണം, പരിധി വിടരുത്'; കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ പ്രതികരിച്ച്‌ ചാണ്ടി ഉമ്മൻ



കോട്ടയം: കോണ്‍ഗ്രസിനുള്ളിലെ തർക്കത്തില്‍ പ്രതികരണവുമായി ചാണ്ടി ഉമ്മൻ. പരസ്പരം പോരടിക്കുന്നവർ പാർട്ടിക്ക് ഒരു സംസ്‌കാരം ഉണ്ടെന്ന് ഓർക്കണമെന്നും പരിധി വിടരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കാര്യങ്ങള്‍ കഴിഞ്ഞുപോയി. ഇനി അതിനെ കുറിച്ച്‌ പറഞ്ഞിട്ട് കാര്യമില്ല. പാർട്ടിക്ക് ഒരു സംസ്‌കാരം ഉണ്ടെന്നാണ് എല്ലാവരും ഓർക്കേണ്ടത്. പൊതുയിടത്തിലാണെങ്കിലും സൈബർ ഇടത്തിലാണെങ്കിലും സംസ്കാരം വിട്ട് പ്രവർത്തിക്കരുത്' എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.

ജെ.എസ്. അഖിലിനെതിരായ നേമം ഷജീറിന്റെ വിമർശനത്തോടും അദ്ദേഹം പ്രതികരിച്ചു. 'മറ്റൊരാളെ മോശക്കാരനാക്കി കാണിച്ചതുകൊണ്ട് എന്താണ് നേട്ടം? എന്റെ പിതാവ് ജീവിച്ചിരുന്നപ്പോള്‍ കഴക്കൂട്ടം സീറ്റിലേക്ക് നോമിനേറ്റ് ചെയ്യാൻ ആഗ്രഹിച്ച ഒരു വ്യക്തിയാണ് ജെ.എസ്. അഖില്‍. വർഷങ്ങളുടെ പാരമ്പര്യം അദ്ദേഹത്തിനുണ്ട്. സമരങ്ങളിലൂടെ വളർന്നുവന്ന നേതാവാണ്. ആരെയും വില കുറച്ച്‌ കാണാതിരിക്കാം' എന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.


ഗ്രൂപ്പിനപ്പുറം പൊതുജീവിതത്തില്‍ ആദർശം പാലിക്കണമെന്ന് വിചാരിക്കുന്ന ഒരു കൂട്ടം ആള്‍ക്കാരാണ് ഈ പാർട്ടിയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദർശം വാക്കിലും പ്രവൃത്തിയിലും വേണമെന്നും, അത് ജീവിതംകൊണ്ട് തെളിയിച്ച ആളാണ് എ.കെ. ആന്റണിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.



Post a Comment

Previous Post Next Post