ചക്കക്കൊമ്പനെ ഉടന്‍ മയക്കുവെടിവെച്ചേക്കും; ഇടിക്കുഴി ഭാഗത്ത് കാട്ടാനയെ ട്രാക്ക് ചെയ്തു



ഇടുക്കി: ചിന്നക്കനാലിലെ ചക്കക്കൊമ്പനെ ഉടന്‍ മയക്കുവെടിവെച്ചേക്കും. ഇടിക്കുഴി ഭാഗത്ത് കാട്ടാനയെ ട്രാക്ക് ചെയ്തു.

അനുയോജ്യമായ സ്ഥലമെന്ന വിലയിരുത്തലിലാണ് ദൗത്യസംഘം. മയക്കുവെടി സംഘം ആനയുടെ സമീപത്തെത്തിയെന്നാണ് വിവരം. ഇടികുഴിയില്‍ നിന്നും ആന ജലാശയത്തിന്റെ അരികിലേക്ക് നീങ്ങാതിരിക്കാൻ ദൗത്യസംഘം ശ്രമിക്കുന്നുണ്ട്.

നേരത്തെ ചക്കക്കൊമ്പന്‍ വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ നിന്ന് മാറിയിരുന്നു. ഇന്നലെ രാത്രിയില്‍ ആനയെ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ ട്രാക്ക് ചെയ്യാനുള്ള നീക്കം ആരംഭിച്ചു. തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു. ഇന്നലെ ദൗത്യം അവസാനിപ്പിക്കുമ്പോള്‍ ചെമ്പകത്തൊഴുക്കുടി ഭാഗത്താണ് ചക്കക്കൊമ്പന്‍ ഉണ്ടായിരുന്നത്. ദൗത്യം അവസാനിപ്പിച്ചതിന് പിന്നാലെ വലിയ മഴ പെയ്തിരുന്നു. പിന്നീട് ട്രാക്ക് ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇന്ന് ആറ് മണിയോടെ തന്നെ ട്രാക്കിംഗ് സംഘം പുറപ്പെട്ടു. ഇടിക്കുഴി ഭാഗത്ത് ഉണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഏഴ് മണിയോടെ ദൗത്യ സംഘം സംഭവസ്ഥലത്തെത്തി.

ആന അക്രമകാരി ആകുന്നതും മയക്ക് വെടിവയ്ക്കാന്‍ അനുയോജ്യമായ സ്ഥലത്ത് എത്താത്തതുമാണ് കഴിഞ്ഞ രണ്ട് ദിവസവും വെല്ലുവിളിയായത്. ദൗത്യം പൂര്‍ത്തിയാക്കാന്‍ ഇന്നും ശ്രമം തുടരും. അതിന് കഴിഞ്ഞില്ലെങ്കില്‍ താല്‍ക്കാലികമായി ദൗത്യത്തിന് ഇടവേള ഇടാനാണ് തീരുമാനം. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ നിരോധനാജ്ഞ തുടരുകയാണ്.

Post a Comment

أحدث أقدم