കായംകുളം: ഹോം നഴ്സിങ് സ്ഥാപനത്തിന്റെ മറവില്‍ നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ കേസില്‍ യുവതിയെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കീരിക്കാട് വില്ലേജില്‍ കീരിക്കാട് തെക്ക് മുറിയില്‍ ആലുംമൂട്ടില്‍ പുതുവല്‍ വീട്ടില്‍ അമൃത (22) ആണ് പിടിയിലായത്. 'കൃഷ്ണ ഹോം നഴ്സിങ്' എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്.
ലൈസൻസില്ലാതെ നടത്തിവന്നിരുന്ന സ്ഥാപനം വഴി ഹോം നഴ്സായി ജോലി ചെയ്താല്‍ പ്രതിമാസം 15,000 രൂപ മുതല്‍ 30,000 രൂപ വരെ ശമ്പളം നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി സ്ത്രീകളെ വീടുകളില്‍ ജോലിക്കു നിർത്തിയിരുന്നത്.
തുടർന്ന് ഇവർക്ക് നല്‍കാനുള്ള ശമ്പളം വീട്ടുകാരില്‍നിന്ന് വാങ്ങിയെടുത്ത ശേഷം ജോലി ചെയ്തവർക്ക് നല്‍കാതെ ചതിച്ചെടുക്കുകയായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ നിരവധി പേരെ കബളിപ്പിച്ചതായി പരാതി ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.
കായംകുളം എസ്ഐ സജിത് മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അമൃതയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.

إرسال تعليق