കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ; യാത്ര സെങ്കോട്ട - പുനലൂർ ഗാട്ട് റൂട്ടിൽ

 


തിരുവനന്തപുരം : കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ. ചരിത്രത്തിൽ ആദ്യമായി സെങ്കോട്ട - പുനലൂർ ഗാട്ട് റൂട്ടിലാണ് പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ യാത്രക്കാർക്ക് ആസ്വദിക്കുന്നതിനായി എക്സിക്യൂട്ടീവ് വിസ്ഡോം എസി എൽഎച്ച്ബി കോച്ച് അനുവദിച്ചത്. 


മധുര - ഗുരുവായൂർ - മധുര എക്സ്പ്രസിൽ ഈ കോച്ച് ലഭിക്കും. പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും. വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ മധുരയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16327 മധുര - ഗുരുവായൂർ എക്സ്പ്രസിൽ 2026 ഒക്ടോബർ 22 മുതൽ 2027 ജനുവരി 15 വരെയാണ് ഈ വിസ്റ്റാഡോം കോച്ച് താത്കാലികമായി പ്രവർത്തിക്കുക.


തിരികെ, ഗുരുവായൂരിൽ നിന്ന് വെള്ളി, ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിൽ പുറപ്പെടുന്ന ട്രെയിൻ നമ്പർ 16328 ഗുരുവായൂർ - മധുര എക്സ്പ്രസിൽ 2026 ഒക്ടോബർ 23 മുതൽ 2027 ജനുവരി 16 വരെയും ഈ സേവനം ലഭ്യമാകും. ഒരു എക്സിക്യൂട്ടീവ് വിസ്റ്റാഡോം എസി കോച്ച്, ഒരു 3-ടയർ എസി കോച്ച്, രണ്ട് സ്ലീപ്പർ കോച്ചുകൾ, ഏഴ് സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, ഒരു സെക്കൻഡ് ക്ലാസ് ലഗേജ്/ബ്രേക്ക് വാൻ, ഒരു ജനറേറ്റർ കാർ കോച്ച് എന്നിവയാണ് ഈ ട്രെയിനിലെ കോച്ചുകൾ.


സീറ്റുകൾ വേഗത്തിൽ തീരുന്നതിനാൽ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുന്നു. അടിസ്ഥാന നിരക്ക് 515 രൂപ മാത്രമാണെങ്കിലും, മുഴുവൻ ദൂരെയുള്ള യാത്രയ്ക്ക് 1,875 രൂപയാണ് നിരക്ക് വരുന്നത്. മധുര - ഗുരുവായൂർ എക്സ്പ്രസിന് പുതിയ ആകർഷണമാണ് വിസ്റ്റാഡോം കോച്ചിന്റെ വരവ്. വലിയ ഗ്ലാസ് ജനലുകളും തിരിക്കാവുന്ന സീറ്റുകളും ഉൾക്കൊള്ളുന്ന ഈ ടൂറിസ്റ്റ് ഫ്രണ്ട്‌ലി കോച്ച് യാത്രക്കാർക്ക് പശ്ചിമഘട്ടത്തിന്റെ പനോരമിക് കാഴ്ചകൾ സമ്മാനിക്കും.

Post a Comment

أحدث أقدم