ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് നടത്താനിരുന്ന ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ ഡൽഹി പൊലീസ് നടപടിക്കെതിരെ കടുത്ത രോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. രാജ്യം മുഴുവൻ ഈ അക്രമം കാണുന്നുണ്ടെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.
പ്രതിഷേധം ശക്തമായതോടെ പൊലീസ് ബലം പ്രയോഗിച്ച് നേതാക്കളെ മാറ്റാൻ ശ്രമിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് പ്രതിഷേധിക്കുകയും ചെയ്തു. പൊലീസുകാർ എംപിമാരെ മർദിക്കുകയാണെന്നും തന്റെ ശരീരത്തിൽ പരക്കെ പോറലുകൾ ഏൽപ്പിച്ചതായും അവർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അനുമതി ചോദിച്ച പാർലമെന്റ് അംഗങ്ങളോട് അവർ പെരുമാറുന്നത് ഇങ്ങനെയാണ്. നമ്മളോട് അവർ പെരുമാറുന്നത് ഇങ്ങനെയാണ്. അവർ എംപിമാരെ മർദിക്കുകയാണ്. പൊലീസുകാർ എന്റെ ശരീരമാസകലം പോറലേൽപ്പിച്ചു. അവർ ഞങ്ങളെ നിലത്തേക്ക് വലിച്ചെറിഞ്ഞു. ഇനി ഞങ്ങൾ ഇവിടെനിന്ന് മാറാൻ പോകുന്നില്ല. അവർ അവരുടെ സേനയെ തിരികെ കൊണ്ടുവരട്ടെ. ഞാൻ ഇവിടെനിന്ന് ഒരടി മാറില്ല എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

Post a Comment