ജനറിക് മരുന്നിന് സിപിഐഎം എതിരല്ല; എസ്എംഎ മരുന്ന് വിവാദത്തിൽ പ്രതികരണവുമായി പികെ ശ്രീമതി

 


തിരുവനന്തപുരം : എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യ മന്ത്രി പികെ ശ്രീമതി. ജനറിക് മരുന്നിന് എല്‍ഡിഎഫ് എതിരല്ല എന്നും വിലകുറച്ച് മരുന്ന് കിട്ടുന്നത് നല്ല കാര്യമാണെന്നും പി കെ ശ്രീമതി പറഞ്ഞു. എസ്എംഎ മരുന്നില്‍ സാങ്കേതിക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും രക്ഷിതാക്കളുടെ ആശങ്കയാണ് ഉന്നയിച്ചതെന്നും ശ്രീമതി പറഞ്ഞു.


വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിയത് ലഘുവായ വിമര്‍ശനം മാത്രമാണ്. ആരോഗ്യ മന്ത്രിയുടെ മറുപടിയില്‍ നിലവാരമില്ലാത്ത പരാമര്‍ശങ്ങളാണുള്ളത്. അതേ നിലവാരത്തില്‍ മറുപടി പറയാന്‍ തനിക്ക് കഴിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ജനറിക് മരുന്ന് വാങ്ങിയിരുന്നു. സിപിഐഎം ജനറിക് മരുന്നിനെതിരാണെന്ന് വരുത്താന്‍ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയ്ക്ക് നിരക്കുന്നതല്ല. തികച്ചും അസംബന്ധമായ ആരോപണമാണ് എന്നും പികെ ശ്രീമതി വ്യക്തമാക്കി. 


എസന്‍ഷ്യല്‍ മരുന്ന് ലിസ്റ്റിലുള്‍പ്പെട്ട 800 ലധികം മരുന്ന് കെഎംസിഎല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ വാങ്ങിയിരുന്നു. കെഎംസിഎല്‍ വഴി വാങ്ങുന്ന മരുന്നുകള്‍ക്ക് ലേബലുണ്ട്. സര്‍ക്കാരാശുപത്രികളിലേക്ക് ഇതു വഴി മാത്രമേ മരുന്ന് വാങ്ങാവൂ. അല്ലാതെ എങ്ങനെയാണ് മരുന്ന് എത്തിയത്? ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയ മരുന്ന് കുഞ്ഞിന് കൊടുക്കുന്നതില്‍ മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോഴാണ് വിഷയം ഉന്നയിച്ചത്. അത് വിശദീകരിക്കാതെ ആരോഗ്യമന്ത്രി പ്രത്യാരോപണം നടത്തുകയാണെന്നും പി കെ ശ്രീമതി പറഞ്ഞു.

Post a Comment

أحدث أقدم