നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ്; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ, പോലീസ് ഇന്ന് മൊഴിയെടുക്കും

 


കൊച്ചി : നെടുമ്പാശ്ശേരി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനി കൂപ്പര്‍ അപകടക്കേസിൽ പ്രതി സുഹൈൽ സജീവന്‍റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ് ഇന്നെടുക്കും. സുഹൈൽ ഓടിച്ച മിനി കൂപ്പറിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മയെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളെ അന്വേഷണ സംഘം നേരിട്ട് കാണും. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പാലക്കാടും വയനാടും പോയി കുടുംബങ്ങളുടെ മൊഴി രേഖപ്പെടുത്തും. 


ഇന്ന് തന്നെ പൊലീസ് കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം സുഹൈൽ സജീവിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പും അന്വേഷണ സംഘം തുടങ്ങി. അപകടനേരത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ , അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മദ്യപിച്ചു തന്നെയാണ് സുഹൈൽ വാഹനം ഓടിച്ചത് എന്ന് രക്തപരിശോധനയിൽ തെളിഞ്ഞു. സഹയാത്രികര്‍ ആകട്ടെ സുഹൈലിനെ തടഞ്ഞുമില്ല. ദൃക്സാക്ഷി മൊഴികളും സിസിടിവിയുമുണ്ട്. 


അപകട നേരത്തെ നിര്‍ണായക വിവരങ്ങൾ പതിഞ്ഞ ഇവന്‍റ് ഡാറ്റാ റെക്കോഡറിന്‍റെ ശാസ്ത്രീയ പരിശോധന കഴിഞ്ഞിട്ടില്ല. ഈ സഹാചര്യത്തിൽ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഒപ്പം ജാമ്യം നൽകിയാൽ, പ്രതികൾ ഒളിവിൽ പോകാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന വാദവും കോടതി പരിഗണിച്ചു. പൊലീസ് കസ്റ്റഡിയും തെളിവെടുപ്പും കഴിഞ്ഞതിനാൽ, ഇനിയും 19 വയസ്സുകാരെ ജയിലിലിടരുതെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി പരിഗണിച്ചില്ല. ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം വ്യക്തമാക്കി.

Post a Comment

أحدث أقدم