ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

 


ആലപ്പുഴ : പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ ആണ് കേസെടുത്തത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർ വൈസർ എന്നിവരോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.


കാര്‍ത്തികപ്പള്ളിയില്‍ രണ്ട് വയസുകാരനാണ് പോഷകാഹാര കുറവിനെ തുടർന്ന് മരിച്ചത്. മാതാപിതാക്കളുടെ പരിപാലനത്തിൽ വന്ന പിഴവാണ് കുഞ്ഞിന്‍റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ അനുമാനം. മറ്റെന്തെങ്കിലും ദുരൂഹതകൾ ഉണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഈ സാഹചര്യത്തില്‍ വീട്ടിലെ മറ്റ് നാല് കുട്ടികളെ സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ശിശുക്ഷേമ സമിതി. 


പോഷകാഹാര കുറവാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെങ്കിലും മറ്റ് ദുരൂഹതകള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഒരിക്കല്‍ കൂടി പരിശോധിച്ച ശേഷമേ അന്വേഷണം അവസാനിപ്പിക്കൂ എന്ന് പൊലീസ് അറിയിച്ചു. കാര്‍ത്തികപ്പളളി സ്വദേശികളായ രാജേഷ് -താര ദമ്പതികളുടെ മകനാണ് മരിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏഴ് കുഞ്ഞുങ്ങളെയാണ് താര പ്രസവിച്ചത്. ഇതില്‍ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു.

Post a Comment

أحدث أقدم