പ്രതിഷേധത്തില്‍ മുങ്ങി ജന്തര്‍ മന്തര്‍; രാഹുലും പ്രിയങ്കയും അടക്കം പ്രതിപക്ഷ എംപിമാർ കസ്റ്റഡിയില്‍

 


ന്യൂഡല്‍ഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി ജന്തര്‍ മന്തര്‍. മൂന്ന് ബസുകളിലായി ജന്തര്‍ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതോടെയാണ് പ്രതിഷേധം ഇരമ്പിയത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി. റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. അതിനിടെ പ്രിയങ്ക കയ്യില്‍ കരുതിയിരുന്ന ഭരണഘടന ഉയര്‍ത്തി.


പ്രതിപക്ഷ എംപിമാരുമായെത്തിയ വാഹനം ജന്തര്‍ മന്തറിലേക്ക് കടന്നപ്പോള്‍ തന്നെ പൊലീസ് പ്രതിരോധം തീര്‍ത്തിരുന്നു. തുടര്‍ന്ന് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടാവുകയും ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതാണ് വന്‍ സംഘര്‍ഷത്തിന് വഴിവെച്ചത്.


പിന്നാലെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങിയത്. ഒരിഞ്ച് പിന്നോട്ടില്ലെന്ന് രാഹുല്‍ വ്യക്തമാക്കുകയായിരുന്നു. കുത്തിയിരുന്ന് പ്രതിഷേധിക്കാനും രാഹുല്‍ ആഹ്വാനം ചെയ്തു. പ്രിയങ്കാ ഗാന്ധിയും മറ്റു വനിതാ നേതാക്കളും വിന്‍സര്‍ സര്‍ക്കിളില്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു. അതിനിടെ ടിഎംസി രാജ്യസഭാ എംപി ഡെറക് ഒബ്രിയാനെ കസ്റ്റഡിയിലെടുത്തു.


ഇത് രാഹുല്‍ ഗാന്ധിയുടെ സേനയാണെന്നും തങ്ങളെ തടയാനാകില്ലെന്നും കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗ് രാജ പ്രതികരിച്ചു. ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണം. തടങ്കലും ലാത്തിയും അല്ല പരിഹാരം. ഇത് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സിപിഐ നേതാവ് പി സന്തോഷ് കുമാര്‍ വ്യക്തമാക്കി. എത്രകാലം തിഹാര്‍ ജയിലില്‍ അടച്ചാലും തങ്ങള്‍ പിന്നോട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.

Post a Comment

أحدث أقدم