കൈക്കൂലി ആരോപണം; തിരുവനന്തപുരം തൃക്കണ്ണാപുരം വാർഡ് കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ


 തിരുവനന്തപുരം : തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിനെതിരായ കൈക്കൂലി ആരോപണത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കോൺഗ്രസ് നേതാവ് കെഎസ് ശബരീനാഥന്റെ പരാതിക്ക് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. കൈക്കൂലിക്ക് പിന്നാലെ കോർപ്പറേഷന് അനുകൂലമായി വിധിച്ച 14 സെന്റ് സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകി വിറ്റുവെന്നാണ് ആരോപണം.


തൃക്കണ്ണാപുരം വാർഡിൽ സ്ഥലം വാങ്ങിയ ആളോട് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു അജിനെതിരെ ആദ്യം പുറത്തുവന്ന ആരോപണം. ഇതിന്റെ ഓഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. പിന്നാലെ കോർപ്പറേഷന്റെ 14 സെന്റ് ഭൂമി മറിച്ചുവിറ്റതായുള്ള ആരോപണവും ശക്തിപ്പെട്ടതോടെയാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണങ്ങളിൽ സിപിഎം വാർഡ് കൗൺസിലർ അജിനെതിരെ കോൺഗ്രസും ബിജെപിയും വ്യാപകമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 


പിന്നാലെ കെഎസ് ശബരീനാഥൻ സർക്കാരിൽ പരാതിയും നൽകി. സ്വകാര്യ വ്യക്തികളുടെ കൂടി പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുനൽകി വിൽക്കാൻ ശ്രമിച്ചതിൽ അജിന്റെ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. എന്നാൽ, തനിക്കെതിരായ വീഡിയോ വ്യാജമാണെന്നും എഐ ഉപയോഗിച്ച് നിർമിച്ചതാണെന്നുമായിരുന്നു അജിന്റെ ആരോപണം.

Post a Comment

Previous Post Next Post