ചെന്നൈ : തമിഴ്നാട്ടിലെ തേനി സബ് ജയിലില്‍ നിന്ന് തടവുചാടിയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ജയിൽ ചാടിയ 17 തടവുകാരിൽ നാല് പേരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായി അമച്ചിയാപുരം വനമേഖല വളഞ്ഞിരിക്കുകയാണ് പൊലീസ്. നാല് പേരും മലയിൽ ഒളിവിൽ കഴിയുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. അവിടം കേന്ദ്രീകരിച്ച് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന പുരോഗമിക്കുകയാണ്.
ജയിലിന് പുറകുഭാഗത്തായാണ് ഈ വനമേഖല സ്ഥിതിചെയ്യുന്നത്. നൂറോളം പൊലീസുകാരാണ് നിലവിൽ വനമേഖലയിൽ പരിശോധന നടത്തുന്നത്. ഇന്നലെ 8 പേർ പിടിയിലായതും ഇതേ പ്രദേശത്ത് നിന്നായിരുന്നു. ഇവരുടെ ചിത്രങ്ങളും വിവരങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.
തിങ്കളാഴ്ച വൈകീട്ടാണ് നാടകീയമായ ജയിൽച്ചാട്ടം അരങ്ങേറിയത്. തടവുകാരിൽ ഒരാൾ അപസ്മാരം വന്നതുപോലെ അഭിനയിക്കുകയും, ഇത് കണ്ട് സഹായത്തിനെത്തിയ വാർഡനെയും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും 17 പേർ ചേർന്ന് ആക്രമിച്ച ശേഷം കൂട്ടത്തോടെ കടന്നുകളയുകയുമായിരുന്നു. പൊലീസ് രേഖകൾ പ്രകാരം രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും 19-നും 26-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. കൊലപാതകശ്രമം, മയക്കുമരുന്ന് കേസുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് പിടിയിലായവരിൽ പലരും.

إرسال تعليق