കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ; 'വോട്ട് ചോരി വെറും ഷോ മാത്രം, 30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ല'

 


ഡൽഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി വെറും ഷോ മാത്രമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനാണ് രാഹുൽ വോട്ട് ചോരി ഉന്നയിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെയും തമിഴ്നാട്ടിലെയുമൊന്നും തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് ഒരു കുഴപ്പവുമില്ലെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. 


30 വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ എത്തില്ലെന്നും അമിത് ഷാ തുറന്നടിച്ചു. ഇപ്പോഴത്തെ പ്രതിഷേധങ്ങൾകൊണ്ട് ഒരു ചുക്കും സംഭവിക്കില്ലെന്നും പഞ്ചാബിലും ബിജെപി ഭരിക്കാൻ പോകുകയാണെന്നും അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കോൺഗ്രസ് കളിക്കുന്നത് നെഗറ്റീവ് രാഷ്ട്രീയമാണെന്നും അതുകൊണ്ട് 2030 വരെ തെരഞ്ഞെടുപ്പിലും ജയിക്കാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. "നിങ്ങൾ കൊണ്ടുനടക്കുന്ന ഈ നെഗറ്റീവ് രാഷ്ട്രീയം കാരണം 2030 വരെ നിങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല. ജയിക്കുമ്പോൾ നിങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നല്ലതാണ്, എന്നാൽ തോൽക്കുമ്പോൾ കമ്മീഷന് കുഴപ്പമായി. എന്റെ വാക്കുകൾ കേൾക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക, അടുത്ത 30 വർഷത്തേക്ക് നിങ്ങളുടെ ഊഴം വരില്ല" എന്നും അമിത് ഷാ പറഞ്ഞു.

Post a Comment

أحدث أقدم