സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞവിലയില്‍ പൊന്ന്; ഇന്ന് തന്നെ വാങ്ങാം



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുറവ്. ആഗോള വിപണിയില്‍ ഉണ്ടായ വിലയിടിവ് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

എണ്ണവിലയിലുണ്ടായ വര്‍ധനവ് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുകയും അടുത്ത ആഴ്ച നടക്കാനിരിക്കുന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിന് മുന്നോടിയായി യുഎസ് ധനനയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ അവ്യക്തത സൃഷ്ടിക്കുകയും ചെയ്തതോടെയാണ് വിലയിടിഞ്ഞത്.


തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ആഗോള വിപണിയില്‍ ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ സ്വര്‍ണവില 0.1% കുറഞ്ഞ് ഔണ്‍സിന് 4137.84 ഡോളറിലെത്തി. ഡിസംബറിലേക്കുള്ള യുഎസ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വിലയും 0.1% കുറഞ്ഞ് 4,165.34 ഡോളറായി. കഴിഞ്ഞ ആഴ്ചയിലെ നഷ്ടത്തിന് പിന്നാലെ, തൊട്ടുമുമ്പത്തെ സെഷനിലും സ്വര്‍ണവില 0.6% ഇടിഞ്ഞിരുന്നു.


കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 13570 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 13490 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 108560 രൂപയായിരുന്ന പവന്‍ സ്വര്‍ണത്തിന്റെ വില 107920 ആയി കുറഞ്ഞു. ഈ മാസം ഇതുവരെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഗ്രാം, പവന്‍ നിരക്കിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.

Post a Comment

أحدث أقدم