സംസ്ഥാനത്ത് നടപ്പിലാക്കിയ 'പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണം': പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

 


എറണാകുളം : കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതിക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രിയദര്‍ശിനി സൗജന്യ യാത്രാപദ്ധതി റദ്ദാക്കണം എന്നാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം. എറണാകുളം സ്വദേശി മുഹമ്മദ് ഫിര്‍ദൗസ് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. സര്‍ക്കാരിനായി അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരാകും.


ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് എന്നാണ് ഹര്‍ജിക്കാരന്റെ വാദം. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയെന്നും ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നുമാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ വാദം. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചത്.

Post a Comment

Previous Post Next Post