പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ; ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് 1 കോടി നഷ്ടപരിഹാരം നല്‍കണം

 


ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കോക്രോച്ച് ജനത ജനതാ പാര്‍ട്ടി നേതാവ് അഭിജീത്ത് ദീപ്‌കേ. നീറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് അഭിജീത്ത് പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പല മാതാപിതാക്കളും മക്കളുടെ വിദ്യാഭ്യാസത്തിനായി ലോണുകളെടുത്തിരുന്നതടക്കം കത്തില്‍ അഭിജീത്ത് പരാമര്‍ശിക്കുന്നുണ്ട്.


എല്ലാ സമ്പാദ്യങ്ങളും ചെലവഴിച്ച്, വിദ്യാഭ്യാസം നല്‍കി വളര്‍ത്തിക്കൊണ്ടു വന്ന കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ മുഴുവനായി തകര്‍ന്നിരിക്കുകയാണ്. അവര്‍ക്ക് ഒരു കോടി രൂപയുടെ പാക്കേജ് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അദ്ദേഹം കത്തില്‍ പറയുന്നത്. പോയ ആഴ്ചകളിൽ 11 വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. കഴിഞ്ഞ 48മണിക്കൂറില്‍ അഞ്ച് വിദ്യാര്‍ഥികളാണ് മരിച്ചത്. വരാനിരിക്കുന്ന പുനഃപരീക്ഷയിലെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ആശങ്ക കുട്ടികളില്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.


കഴിഞ്ഞ മാസം മുതല്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയ്ക്കായി കോക്രോച്ച് ജനതാ പാര്‍ട്ടി ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഈ ആവശ്യം ഉന്നയിച്ച് രാജ്യത്തുടനീളം പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്, നഷ്ടപ്പെട്ട ജീവനുകളുടെ ഉത്തരവാദിത്തം ആര്‍ക്കെന്നത് അറിയണമെന്നും കത്തിൽ പരാമർശിക്കുന്നു. ജൂണ്‍ 20ന് വീണ്ടും ഡല്‍ഹിയിലെ ജന്തര്‍മന്ദിറില്‍ സിജെപി പ്രതിഷേധം സംഘടിപ്പിക്കാനിരിക്കെയാണ് കത്തയച്ചിരിക്കുന്നത്. മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകള്‍ക്ക് എതിരെയും വിദ്യാഭ്യാസ വ്യവസ്ഥയില്‍ കൂടുതല്‍ വിശ്വാസ്യത വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് യുവജനങ്ങള്‍ നയിക്കുന്ന പ്രതിഷേധം സിജെപി കടുപ്പിക്കുന്നത്.

Post a Comment

أحدث أقدم