ബജറ്റിനെതിരെ സ്വകാര്യബസ് ഉടമകൾ രംഗത്ത്; ജൂണ്‍ 30ഓടെ നിരവധി ബസുകൾ സര്‍വ്വീസ് നിര്‍ത്തും

 


തിരുവനന്തപുരം : ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ് മാത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സർക്കാരിനെതിരെ വിമർശനവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചാലും 106.50 മുതല്‍ 142.50 രൂപ മാത്രമാണ് നിത്യേനയുള്ള ചിലവില്‍ നിന്നും കുറയുന്നത്. സര്‍ക്കാരിന്റേത് വലിയ പ്രഖ്യാപനം ആയിരിക്കാം. എന്നാല്‍ തങ്ങള്‍ക്ക് വലിയ നേട്ടമല്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സര്‍വീസ് കാരണം 1,000 മുതല്‍ 6,000 രൂപയുടെ നഷ്ടം വരെ ഒരുദിവസം തങ്ങള്‍ക്കുണ്ടെന്നും ജൂണ്‍ 30ഓടെ നിരവധി ബസുകളുടെ സര്‍വ്വീസ് നിര്‍ത്താനുള്ള ആലോചനയിലാണെന്നും ബസ് ഉടമകള്‍ പറയുന്നു.


പ്രതീക്ഷിച്ച പാക്കേജ് സര്‍ക്കാര്‍ നല്‍കിയില്ല. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യം നല്‍കാം. എന്നാൽ കെഎസ്ആര്‍ടിസിക്ക് നല്‍കുന്ന പോലെ സര്‍ക്കാര്‍ തുക നല്‍കിയാല്‍ മതി. പലതവണ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് ആശങ്കകള്‍ അറിയിച്ചതാണ്. പക്ഷെ പരിഗണിച്ചില്ലെന്നും ബസ് ഉടമകള്‍ പറയുന്നു. കെഎസ്ആര്‍ടിസി ഇല്ലാത്ത റൂട്ടില്‍ മാത്രമേ പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. സംസ്ഥാനത്ത് സ്വകാര്യ ബസ് മേഖല ഉടന്‍ തകരുമെന്നും ബസ് ഉടമകള്‍ ആശങ്ക പ്രകടിപ്പിച്ചു.

Post a Comment

أحدث أقدم