'സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ'; പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി

 


കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിച്ചുള്ള പ്രിയദര്‍ശിനി പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി വിധി പറയാന്‍ മാറ്റി.


പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചപ്പോള്‍ സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെയെന്നും പദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുകയെന്നും കോടതി ചോദിച്ചു.

കര്‍ണാടകയിലും തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും പദ്ധതി നടപ്പാക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഏഴ് സംസ്ഥാനങ്ങളില്‍ സമാനമായി പദ്ധതി നടപ്പാക്കിയിട്ടുണ്ട്. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് പാവപ്പെട്ടവര്‍ക്കല്ലേ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയെന്ന് ചോദിച്ച കോടതി ഹര്‍ജി വിധി പറയാന്‍ മാറ്റി.





ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് എന്നാണ് ഹര്‍ജിക്കാരന്റെ വാദം. പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ പൊതുജനാഭിപ്രായ രൂപീകരണവും നടത്തിയിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനം അതേപടി നടപ്പിലാക്കി. ഇതുവഴി പ്രതിവര്‍ഷം ഏകദേശം 800 കോടി രൂപയാകും സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയെന്നും ഇത് താങ്ങാന്‍ പറ്റാത്ത ഭാരമാകുമെന്നുമാണ് പൊതുതാല്‍പര്യ ഹര്‍ജിയിലെ വാദം.


പുരുഷന്മാരെയും സ്ത്രീകളെയും കേവലം ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വേര്‍തിരിക്കുന്നത് വിവേചനപരമാണെന്നും പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച്‌ ഭരണഘടനാവിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും കേസ് തീര്‍പ്പാകുന്നത് വരെ പദ്ധതിയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post