സൗകര്യപ്രദമായ യാത്ര ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഓര്‍ഡിനറി ബസുകള്‍ ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍



തിരുവനന്തപുരം: സൗകര്യപ്രദമായ യാത്ര ആഗ്രഹിക്കുന്ന സ്ത്രീകള്‍ ഓര്‍ഡിനറി ബസുകള്‍ ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി സി.പി ജോണ്‍. പദ്ധതി ഉദ്ദേശിച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


നിലവില്‍ ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ആക്കി മാറ്റുന്ന നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും, എന്നാല്‍ കൂടുതല്‍ സൗകര്യപ്രദമായ യാത്ര ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഓർഡിനറി ബസുകള്‍ ഒഴിവാക്കാവുന്നതാണെന്നും അദ്ദേഹം നിർദ്ദേശിച്ചു.


സ്വകാര്യ ബസ് ഉടമകളുമായി യാതൊരുവിധത്തിലുള്ള യുദ്ധ പ്രഖ്യാപനത്തിനില്ലെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. പദ്ധതിക്ക് മാധ്യമങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇന്നലെ മാത്രം 11.84 ലക്ഷം സ്ത്രീകളാണ് ഓർഡിനറി ബസുകളില്‍ യാത്ര ചെയ്തത്. ഈ ഇനത്തില്‍ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 2.46 കോടി രൂപ നല്‍കേണ്ടതുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ നിലവില്‍ 384 സിറ്റി ഫാസ്റ്റ് ബസുകളാണുള്ളത്. ഇതില്‍ ഒരു ഓർഡിനറി ബസിനെയും സിറ്റി ഫാസ്റ്റ് ആക്കി മാറ്റിയിട്ടില്ല. പകരം പൊഴിയൂർ - അഞ്ചുതെങ്ങ്, പാപ്പനംകോട് - വികാസ് ഭവൻ റൂട്ടുകളിലെ സിറ്റി ഫാസ്റ്റ് ബസുകളെ ഓർഡിനറി ആക്കി മാറ്റുകയാണ് ചെയ്തത്.


ബസുകള്‍ തിരിച്ചറിയാൻ വേണ്ടിയാണ് അവയില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിമർശനങ്ങളെ ക്രിയാത്മകമായി കാണുന്നുവെന്നും, തിരിച്ചടവ് കാര്യങ്ങളില്‍ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post