ഷുഹൈബ് വധക്കേസ്; വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി, പിതാവിനെ കക്ഷി ചേര്‍ത്തു



 കൊച്ചി: ഷുഹൈബ് വധക്കേസില്‍ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി. കൊല്ലപ്പെട്ട ഷുഹൈബിന്‍റെ പിതാവിനെ കേസില്‍ കക്ഷി ചേർത്തു. ആകാശ് തില്ലങ്കേരിയടക്കമുള്ള പ്രതികള്‍ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.


വിചാരണ നടപടികള്‍ തിങ്കളാഴ്ച വരെയായിരുന്നു സ്റ്റേ ചെയ്തത്. പക്ഷപാതമായി പെരുമാറുന്നു, മുൻവിധിയോടെ സംസാരിക്കുന്നു എന്നുള്‍പ്പെടെ വിചാരണ കോടതിക്കെതിരെ പ്രതികള്‍ ഹർജിയില്‍ ആരോപങ്ങള്‍ ഉന്നയിച്ചിരുന്നു.


വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹർജി നേരത്തെ അഡീഷണല്‍ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയില്‍ ആദ്യം ഹർജി നല്‍കിയെങ്കിലും സത്യവാങ്മൂലം നല്‍കാത്തതിനാല്‍ തള്ളുകയായിരുന്നു. സത്യവാങ്മൂലം ഉള്‍പ്പെടുത്തി വീണ്ടും ഹർജി നല്‍കിയെങ്കിലും തള്ളി.


കേസിലെ വിചാരണാ നടപടികള്‍ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് കോടതി മാറ്റ ഹർജി സമർപ്പിക്കപ്പെട്ടത്.


പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച ഈ ഹരജി മുൻപ് പരിഗണിച്ച സെഷൻസ് കോടതി, അഡീഷണല്‍ സെഷൻസ് കോടതിയിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റത്തിനുള്ള ഹരജി നിലനില്‍ക്കുന്നതിനാല്‍ സാക്ഷി വിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകർ തയ്യാറായിരുന്നില്ല.

Post a Comment

Previous Post Next Post