ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
റായ്ബറേലിയില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും വരാനിരിക്കുന്നത് വളരെ കടുത്ത നാളുകളാണെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി മോദി രാജ്യത്തിന്റെ സാമ്പത്തിക ഘടന തന്നെ മാറ്റിമറിച്ചുവെന്നും അംബാനി-അദാനിമാർക്ക് വേണ്ടി ഉണ്ടാക്കിയ ഈ സാമ്പത്തിക ഘടന അധികകാലം നിലനില്‍ക്കില്ലെന്നും അത് തകരുമ്പോള്‍ സാധാരണക്കാരായ ജനങ്ങളാണ് അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരികയെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യം വലിയൊരു സാമ്പത്തിക ആഘാതത്തിലേക്ക് പോകുമ്പോഴും അതിനെതിരെ നടപടിയെടുക്കുന്നതിന് പകരം വിദേശയാത്രകള്‍ ഒഴിവാക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന പ്രധാനമന്ത്രി നിലവില്‍ സ്വന്തമായി ലോക സഞ്ചാരത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നാല് വർഷത്തോളമായി നിലനിർത്തിയിരുന്ന വിലനിയന്ത്രണം നീക്കിയതിന് ശേഷം ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് ഇന്ധനവില വർദ്ധിപ്പിക്കുന്നത്.

Post a Comment