കേന്ദ്രസർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണയത്തിനെതിരെ മുൻ മന്ത്രി തോമസ് ഐസക്. മണ്ഡല പുനർനിർണ്ണയം സംബന്ധിച്ച ബിജെപി സർക്കാരിന്റെ പുതിയ നിലപാടുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭാവി അപകടത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദി സംസ്ഥാനങ്ങൾക്ക് അമിത പ്രാതിനിധ്യം നൽകുന്ന ഈ പദ്ധതിക്ക് പാർലമെന്റിൽ മൂന്നിലൊന്ന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ബിജെപി അടവുമാറ്റുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന അപകടമാണെന്നും ഐസക് അക്കമിട്ട് നിരത്തുന്നു.
നിലവിലുള്ള സീറ്റ് അനുപാതം 1971-ലെ ജനസംഖ്യാടിസ്ഥാനത്തിലാണ്. ഇത് ഭേദഗതി ചെയ്യാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. എന്നാൽ ഭാവിയിൽ ഇത് വെറും ഭൂരിപക്ഷം മതിയാകുന്ന രീതിയിലേക്ക് മാറ്റാനാണ് ബിജെപി നീക്കം. നമ്മുടെ സംസ്ഥാനങ്ങളുടെ ഭാവി ബിജെപിയുടെ ദയാദാക്ഷണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ ലക്ഷ്യം വനിതാ സംവരണം അല്ല, മറിച്ച് 2029ൽ വിജയം ഉറപ്പിക്കുക എന്നതാണ്. ഇതിനായി ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് ഇഷ്ടമില്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും, ഡീലിമിറ്റേഷൻ കമ്മീഷനെക്കൊണ്ട് മണ്ഡല അതിർത്തികൾ തങ്ങൾക്ക് അനുകൂലമായി തിരുത്തി എഴുതിക്കുകയുമാണ് അവരുടെ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment