കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റാണെന്ന് ഒരു കോടതിയ്ക്ക് എങ്ങനെ പറയാനാകും?’ ശബരിമല യുവതീ പ്രവേശനത്തിൽ നിര്‍ണായക നിരീക്ഷണവുമായി സുപ്രിംകോടതി

 


ശബരിമല യുവതി പ്രവേശനുമായി ബന്ധപ്പെട്ട വാദത്തിനിടെ നിർണായക നീരീക്ഷണവുമായി സുപ്രീംകോടതി. ലക്ഷക്കണക്കിന് ഭക്തർ വിശ്വസിക്കുന്ന ഒരു ആചാരം തെറ്റാണെന്ന് കോടതികൾക്ക് എങ്ങനെ പറയാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ നീരീക്ഷിച്ചു. അവിശ്വാസികളുടെ ഹർജിയിലാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ജസ്റ്റിസ് നാഗരത്ന വീണ്ടും വിമർശിച്ചു. സാമൂഹിക പരിഷ്ക്കരണം എന്ന പേരിൽ മതത്തിന്റെ അന്തസത്ത ഇല്ലാതെയാക്കാനാകില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. നൈഷ്ഠിക ബ്രഹ്മചാരിയായ ഭഗവാന്‍ അയ്യപ്പന്റെ ഏകക്ഷേത്രം ശബരിമലയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയില്‍ അറിയിച്ചു. ശബരിമലയില്‍ സ്ത്രീകളെ പൂര്‍ണമായും ഒഴിവാക്കിയിട്ടില്ല. അതിനാല്‍ ലിംഗവിവേചനമുണ്ടെന്ന് പറയാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു. സുപ്രിംകോടതിയില്‍ ഈ വിഷയത്തിലെ ഇന്നത്തെ വാദം പൂര്‍ത്തിയായി. 


ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളെ പിന്തുണച്ചുകൊണ്ടുള്ള വാദങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് സുപ്രിംകോടതിയില്‍ ഉന്നയിച്ചത്. 10 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ലഭിക്കുന്നതിനാല്‍ ലിംഗവിവേചനം നിലനില്‍ക്കുന്നുവെന്ന് പറയാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡ് വാദിക്കുന്നത്. ആചാരങ്ങൾ പാലിക്കപ്പെടണം എന്നാൽ ജാതി, വർഗ്ഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഉള്ള വിലക്ക് അംഗീകരിക്കുന്നില്ലെന്ന് തിരുവീിതാംകൂർ ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി. ഭരണഘടന ബെഞ്ചിന് മുന്നിൽ ദേവസ്വം ബോർഡിന്റെ വാദം ഇതോടെ പൂർത്തിയായി. സംസ്ഥാനസർക്കാരിന്റെ വാദം ഇനി വെള്ളിയാഴ്ച്ച നടക്കും.

Post a Comment

Previous Post Next Post