അർത്ഥശൂന്യമോ അപകീർത്തികരമോ ആയ പേരുകൾ മൂലം സ്കൂൾ വിദ്യാർത്ഥികൾ അനുഭവിക്കുന്ന അപകർഷതാബോധം ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് രാജസ്ഥാൻ സർക്കാർ 'സാർത്ഥക് നാം അഭിയാൻ' എന്ന പേരിൽ വിപുലമായ പദ്ധതി ആവിഷ്കരിച്ചു. ഷൈത്താൻ, ഷേരു, ടിങ്കു, കാലു തുടങ്ങിയ നിഷേധാത്മകമായ അർത്ഥമുള്ള പേരുകൾ കുട്ടികളുടെ ആത്മവിശ്വാസത്തെയും വ്യക്തിത്വ വികസനത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ നിർണ്ണായക നീക്കം. ഇത്തരം പേരുകൾക്ക് പകരം സംസ്കാരത്തിന് അനുയോജ്യവും അർത്ഥവത്തുമായ പേരുകൾ നൽകാൻ രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പുതിയ പേര് തിരഞ്ഞെടുക്കുന്നതിനായി 3000 പേരുകളടങ്ങിയ വിപുലമായ ഒരു പട്ടിക തന്നെ വിദ്യാഭ്യാസ വകുപ്പ് ഇതിനോടകം തയ്യാറാക്കി പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ആൺകുട്ടികൾക്കായി 1409 പേരുകളും പെൺകുട്ടികൾക്കായി 1541 പേരുകളുമാണുള്ളത്. ബാൽ മുകുന്ദ്, ബദ്രിനാഥ്, ആരാധ്യ, അന്നപൂർണ്ണ, വൈഷ്ണവി തുടങ്ങിയ അർത്ഥവത്തായ പേരുകളാണ് പട്ടികയിൽ മുൻഗണന നൽകിയിരിക്കുന്നത്. ഒന്നാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ പദ്ധതിയിലൂടെ പേര് മാറ്റാൻ അവസരമൊരുങ്ങുന്നത്.

إرسال تعليق