ഇടുക്കി: സംശയത്തെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്. ഇടുക്കി പൂപ്പാറ മുരിക്കുംതൊട്ടി വലിയകുന്നേല്‍ ബൈജു (48)-നാണ് തൊടുപുഴ അഡിഷണല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.
2016 ഡിസംബർ 25-നാണ് കേസിന് ആസ്പദമായ സംഭവം. ബാഗിന്റെ വള്ളി കഴുത്തില്‍ കുരുക്കിയാണ് ബൈജു ഭാര്യയായ അജിമോളെ കൊലപ്പെടുത്തിയത്.
ഭാര്യയുമായി പിരിഞ്ഞ് കഴിയുകയായിരുന്നു ബൈജു. അജിമോള്‍ അടിമാലിയിലെ അവരുടെ വീട്ടിലായിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളോട് ബന്ധമുണ്ടെന്ന് അയല്‍വാസി ബൈജുവിനെ അറിയിച്ചു. ഇത് വിശ്വസിച്ച ബൈജു, ഡിസംബർ 24-ന് അജിമോളുടെ വീട്ടിലെത്തി. ക്രിസ്മസ് ആഘോഷിക്കാമെന്ന് പറഞ്ഞ് അജിമോളെ ഇയാളുടെ വീട്ടിലേക്ക് തിരികെകൊണ്ടുപോയി.
പിറ്റേ ദിവസം രാവിലെ ബൈജു അജിമോളെ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയെന്ന് അയല്‍വാസിയോട് പറഞ്ഞശേഷം ബൈജു അടിമാലി പോലീസ് സ്റ്റേഷനില്‍ ഹാജരായി കുറ്റസമ്മതം നടത്തി.
എന്നാല്‍ കേസിന്റെ വിചാരണമധ്യേ, പ്രതി കുറ്റംനിഷേധിച്ചു. അയല്‍വാസികളും വീട്ടിലുണ്ടായിരുന്ന ബന്ധുക്കളും കൂറുമാറി. എന്നാല്‍, വിസ്താരത്തിനിടെ അജിമോളെ കൊന്നുവെന്ന് ബൈജു പറഞ്ഞതായി ഒരു അയല്‍വാസി സമ്മതിച്ചതും, ബൈജുവും അജിമോളും രാത്രി ഒരുമിച്ച് ഒരേ മുറിയിലാണ് ഉറങ്ങിയതെന്ന് വീട്ടിലുള്ളവർ പറഞ്ഞതും കേസില്‍ നിർണായകമായി. കൊലപാതകത്തിനുപയോഗിച്ച ബാഗിന്റെ വള്ളിയില്‍നിന്ന് അജിമോളുടെ തലമുടി കണ്ടെത്തിയതും വലിയ തെളിവായി.

إرسال تعليق