നിതീഷ് കുമാറിന്റെ രാജിക്ക് പിന്നാലെ സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ

 


നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചതിന് പിന്നാലെ സാമ്രാട്ട് ചൗധരി ബിഹാർ മുഖ്യമന്ത്രിയാകും. സാമ്രാട്ട് ചൗധരിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. നാളെ സത്യപ്രതിജ്ഞ ചെയ്യും. നിലവിലെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പ് മന്ത്രിയുമാണ് സാമ്രാട്ട് ചൗധരി. ഉപമുഖ്യമന്ത്രിയായ വിജയ് സിന്‍ഹയാണ് സാമ്രാട്ട് ചൗധരിയുടെ പേര് നിര്‍ദേശിച്ചത്. നിതീഷ് കുമാറിന്റെ വിശ്വസ്തനായ അദ്ദേഹം ആര്‍ജെഡിയിലും ജെഡിയുവിലും പ്രവര്‍ത്തിച്ചതിന് ശേഷം ബിജെപിയിലേക്ക് എത്തിയ നേതാവാണ്. ബിഹാറില്‍ ബിജെപിയുടെ ആദ്യത്തെ മുഖ്യമന്ത്രി എന്ന പ്രത്യേകതയും ഇനി സാമ്രാട്ട് ചൗധരിയ്ക്കുണ്ട്. താരാപൂര്‍ മണ്ഡലത്തില്‍ നിന്നാണ് സാമ്രാട്ട് ചൗധരി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിതീഷ് കുമാർ രാജിവെച്ചതോടെയാണ് സാമ്രാട്ട് ചൗധരിയ്ക്ക് മുഖ്യമന്ത്രി പദവിയിലേക്ക് നിയോഗിക്കപ്പെട്ടത്.


ഇന്ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ലോക്ഭവനിലേക്ക് സാമ്രാട്ട് ചൗധരിയ്‌ക്കൊപ്പം എത്തിയാണ് രാജിക്കത്ത് കൈമാറിയത്. ബിഹാറിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പുതിയ സര്‍ക്കാരിന് താന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും പൂര്‍ണ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. ബിഹാര്‍ രാഷ്ട്രീയത്തില്‍ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് യുഗമാണ് അവസാനിച്ചത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിക്കാന്‍ അവസരമൊരുക്കിയാണ് നിതീഷിന്റെ പിന്‍മാറ്റം.

Post a Comment

Previous Post Next Post