കേരളം വിയർത്തു കുളിക്കുകയാണ്. സംസ്ഥാനത്ത് വേനൽ ചൂട് കൂടുകയാണെന്നും വരും ദിവസങ്ങളിൽ പാലക്കാട് 40°C വരെയും, കൊല്ലത്ത് 39°C വരെയും, മറ്റ് ജില്ലകളിൽ 36°C മുതൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൂടിനൊപ്പം അൾട്രാവയലറ്റ് സൂചിക ഉയരുന്നത് ഗൗരവമായി കാണണമെന്നും പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം, ഈ സമയത്ത് അൾട്രാവയലറ്റ് രശ്മികൾ ശക്തമായതിനാൽ സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും കരുതണം എന്നും മുഖ്യമന്ത്രി തന്‍റെ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.
അതേസമയം തന്നെ താപനില 45 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന തരത്തിൽ വ്യാജ പ്രചരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്ന തരത്തിൽ സാമൂഹ്യമാധ്യങ്ങളിലും വാട്ട്സ് ആപ്പ് സന്ദേശമായുമാണ് ഈ പ്രചാരണം നടക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടില്ല. ഇത്തരം സന്ദേശങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും കാലാവസ്ഥ അറിയിപ്പ് സംബന്ധിച്ച വിവരങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം 1070, 1077, 1079 എന്നീ ടോൾ ഫ്രീ നമ്പറുകളിലൂടെ ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Post a Comment