സർക്കാർ അതിജീവിതയ്‌ക്കൊപ്പം; രഞ്ജിത്തിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ

 


സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ രഞ്ജിത്തിനെ സംരക്ഷിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും, ഇത്തരം പരാതികള്‍ ആവര്‍ത്തിക്കുന്നത് ഗൗരവതരമാണെന്നും മന്ത്രി വ്യക്തമാക്കി. സിനിമാ രംഗത്തെ മികവ് പരിഗണിച്ചാണ് രഞ്ജിത്തിനെ അക്കാദമി ചെയര്‍മാനാക്കിയതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. രഞ്ജിത്തിന്റേത് മ്ലേച്ഛമായ നടപടിയാണെന്നും അദ്ദേഹം തെറ്റ് ചെയ്തുവെങ്കില്‍ അത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.


അതേസമയം സിനിമാ നയം കേരളത്തില്‍ കൊണ്ടുവരികയും മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തു. സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ സിനിമാ നയം. പരാതി വന്നതിന് ശേഷം രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുപോയി. മെറിറ്റ് മാത്രം കണക്കിലെടുത്ത് കൊണ്ടാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ആ സ്ഥാനം നല്‍കിയിരുന്നതെന്നും സജി ചെറിയാന്‍ വിശദീകരിച്ചു. രഞ്ജിത്തിനെതിരെ സമാന പരാതികള്‍ ആവര്‍ത്തിക്കുന്നു എന്നത് ഗൗരവത്തോടെ പരിഗണിക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. 


അതേസമയം യുവനടിയുടെ പീഡന പരാതിയെ തുടര്‍ന്നെടുത്ത കേസില്‍ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രിയോടെ തൊടുപുഴയില്‍ നിന്ന് അറസ്റ്റ് ചെയ്ത രഞ്ജിത്തിനെ പുലര്‍ച്ചെയോടെ എറണാകുളത്തേക്ക് എത്തിക്കുകയും രാവിലെ തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. രഞ്ജിത്തിനെ ടൗണ്‍ സബ്ജയിലിലേക്ക് കൊണ്ടുപോകും. ഏപ്രില്‍ 13നാണ് രഞ്ജിത്തിന്റെ റിമാന്‍ഡ് അവസാനിക്കുക. 

Post a Comment

أحدث أقدم