പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ്(83) അന്തരിച്ചു. സമൂഹ മാധ്യമത്തിലൂടെ അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം പങ്കുവെച്ചത്. ഇന്ത്യൻ ഫോട്ടോഗ്രഫിയിലെയും ഫോട്ടോ ജേണലിസത്തിലെയും അതികായനാണ് രഘു റായ്. ഭോപ്പാൽ ദുരന്തത്തിന്റെ മുഖചിത്രങ്ങളിലൊന്നായ കണ്ണുകൾ പാതി തുറന്ന പിഞ്ചു ബാലന്റെ മൃതദേഹത്തിന്റെ ചിത്രം രഘു റായിയുടെ ക്യാമറ കണ്ണുകളിലൂടെയാണ് ലോകം കണ്ടത്. ഇന്ത്യയുടെ ആത്മാവിനെ തന്റെ ക്യാമറക്കണ്ണുകളിലൂടെ ലോകത്തിന് കാട്ടിക്കൊടുത്ത അപൂര്‍വ പ്രതിഭാശാലിയായിരുന്നു രഘു റായ്. നിശ്ചല ഫ്രെയിമുകളിലൂടെ ജീവിതത്തിന്റെ ചടുലതയെയും ആത്മാവിനെയും രഘു റായ് ചിത്രങ്ങളിലേക്ക് ആവാഹിച്ചു. 1984-ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ചിത്രങ്ങളാണ് രഘു റായിയെ ലോകശ്രദ്ധയിലെത്തിച്ചത്.
1942ല്‍ ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ച രഘു റായ് സിവില്‍ എന്‍ജിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1965ല്‍ 23-ാം വയസിലാണ് ഫോട്ടോഗ്രഫിയിലേക്ക് തിരിയുന്നത്. 1966-ല്‍ ദി സ്റ്റേറ്റ്‌സ്മാനിലാണ് തുടക്കം. പിന്നീട് സണ്‍ഡേ മാഗസിന്റെയും ‘ഇന്ത്യ ടുഡേ’ മാഗസിനിന്റെയും ഫോട്ടോ എഡിറ്ററായി പ്രവര്‍ത്തിച്ചു. 1977-ല്‍ ലോകപ്രശസ്ത ഫോട്ടോഗ്രാഫി കൂട്ടായ്മയായ ‘മാഗ്നം ഫോട്ടോസി’ലേക്ക് ഇതിഹാസ ഫോട്ടോഗ്രാഫര്‍ ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്‍ രഘു റായിയെ നാമനിര്‍ദ്ദേശം ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു രഘു റായ്. 1972ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഫോട്ടോഗ്രഫി മേഖലയിലെ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും രഘു റായ് നേടിയിട്ടുണ്ട്.

إرسال تعليق