നിതിൻ രാജിന്റെ മരണം; ഡോക്ടർ റാമിന്‍റെ ക്ലിനിക്ക് അടച്ച് പൂട്ടി ഡിവൈഎഫ്‌ഐ പ്രവർത്തകർ, പ്രതികളായ അധ്യാപകർ ഒളിവിൽ തന്നെ

 


കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത കേസിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട അധ്യാപകർക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കി വിദ്യാർഥി-യുവജന സംഘടനകൾ. പലയിടത്തും ഇന്നും നിതിൻ വിഷയത്തിൽ വിദ്യാർഥി-യുവജന സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ കേസിലെ പ്രതിയായ വകുപ്പ് മേധാവി ഡോ. റാമിന്റെ തലശ്ശേരി ചിറക്കുനിയിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. പൊലീസുമായി ഉണ്ടായ ബലപ്രയോഗത്തിനൊടുവിൽ ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർ ക്ലിനിക്കിന് മുന്നിൽ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധത്തിനൊടുവിൽ പ്രവർത്തകർ ഡോ. റാമിന്റെ ക്ലിനിക്ക് താഴിട്ട് പൂട്ടുകയും അവിടെ ഡിവൈഎഫ്ഐയുടെ കൊടിയും ഡോ. ബിആർ അംബേദ്കറുടെ ചിത്രവും സ്ഥാപിക്കുകയും ചെയ്തു. 


നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. അതേസമയം നിതിൻ രാജിന്റെ മരണത്തിൽ സസ്പെൻഷനിലായ അധ്യാപകരായ എംകെ റാമും സംഗീത നമ്പ്യാരും ഒളിവിൽ തുടരുകയാണ്. പ്രതികളെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി. 

Post a Comment

Previous Post Next Post