സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

 


കോൺഗ്രസിൽ പൊട്ടിത്തെറി തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട കലഹങ്ങള്‍ അവസാനിക്കുന്നില്ല. കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറുകയായിരുന്നു. നിജേഷിനെ ബേപ്പൂര്‍, എലത്തൂര്‍ ഉള്‍പ്പടെയുള്ള ചില മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ മുമ്പ് വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് വന്നപ്പോള്‍ അതില്‍ നിജേഷിന്റെ പേരുണ്ടായിരുന്നില്ല. ബാലുശ്ശേരി മണ്ഡലത്തിന്റെ പ്രചാരണ ചുമതല നല്‍കാമെന്നായിരുന്നു ആ ഘട്ടത്തില്‍ പാര്‍ട്ടി നേതൃത്വം നിജേഷിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ബാലുശ്ശേരിയിലും നിജേഷിന് കാര്യമായ ചുമതല നല്‍കിയില്ല. ഇതിലെല്ലാമുള്ള അതൃപ്തിയാണ് നിജേഷിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് സൂചന.


രാജിക്കത്ത് കൈമാറിയിട്ടും നേതൃത്വം ഇതുവരെ നിജേഷ് അരവിന്ദുമായി ബന്ധപ്പെട്ടിട്ടില്ല. കോണ്‍ഗ്രസിന്റെ കോഴിക്കോട്ടെ യുവ ശബ്ദമാണ് നിജേഷ്. കോണ്‍ഗ്രസ് വക്താവായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുളള ആളാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നിജേഷ് മുന്നോട്ടുവെച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ ഡിസിസി തയ്യാറായിരുന്നില്ല. അദ്ദേഹം പരസ്യമായി അതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. അത് പിന്നീട് പിന്‍വലിക്കുകയും പോസ്റ്റില്‍ പാർട്ടിക്ക് വിശദീകരണം നല്‍കേണ്ടിവരികയും ചെയ്തിരുന്നു. ആ സ്ഥാനാർത്ഥി പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും അയാളെ തന്നെ പഞ്ചായത്ത് പ്രസിഡന്‌റാക്കേണ്ടിവരുകയും ചെയ്തിരുന്നു. 

Post a Comment

Previous Post Next Post