ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ 90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. പോളിങ് വർധിക്കാൻ കാരണം ഭരണവിരുദ്ധ തരംഗമല്ലെന്നും ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാനായി ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകകായിരുന്നു എംവി ഗോവിന്ദൻ. സർക്കാറിൻ്റെ പ്രവർത്തനങ്ങൾ മതിപ്പോടെയാണ് ജനങ്ങൾ വീക്ഷിച്ചത്. ഭരണത്തുടർച്ച ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ തന്നെ യുഡിഎഫ് സാങ്കൽപ്പിക മുഖ്യമന്ത്രിയെ നിയോഗിച്ചുകഴിഞ്ഞു. യുഡിഎഫും ബിജെപിയും പണത്തിന്റെ സ്വാധീനം ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പാണ് നടന്നത്. പണം, കിറ്റ്, സാരി എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. ഉത്തരേന്ത്യയില്‍ കാണാന്‍ കഴിയുന്നതിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ നടന്നുവെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവ വിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment