ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് പ്രായപൂര്‍ത്തിയാകാത്ത ആൺകുട്ടികളെ കടത്താൻ ശ്രമം; 163 ആണ്‍കുട്ടികളെ രക്ഷപെടുത്തി, എട്ടുപേര്‍ അറസ്റ്റില്‍

 


ബിഹാറില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് കടത്താന്‍ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത 163 ആണ്‍കുട്ടികളെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ കട്നി ജില്ലയില്‍ വെച്ച് ഒരു എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് റെയില്‍വേ പൊലീസ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആറ് മുതല്‍ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ ലാത്തൂരില്‍ ജോലിക്ക് കൊണ്ടുപോകുന്നതിനിടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഗവണ്‍മെന്റ് റെയില്‍വെ പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.


സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായി. പട്ന-പൂര്‍ണ എക്സ്പ്രസില്‍ സാധുവായ ടിക്കറ്റുകളോ രേഖകളോ ഇല്ലാതെയാണ് പ്രായപൂര്‍ത്തിയാകാത്തവരുമായി ഇവര്‍ യാത്ര ചെയ്തത്. കുട്ടികളെ ബിഹാറിലെ അരാരിയ മേഖലയില്‍ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് ജോലിക്കായി കൊണ്ടുപോകുന്നുണ്ടെന്ന് പ്രാഥമിക വിവരം ലഭിച്ചതായി ആര്‍പിഎഫ് കട്നി ഇന്‍സ്പെക്ടര്‍ വീരേന്ദ്ര സിംഗ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

Post a Comment

Previous Post Next Post