ബിജെപിയുടെ അണ്ണാ ഡിഎംകെ മാസ്ക് അഴിപ്പിയ്ക്കുകയാണ് ലക്ഷ്യം; 200 സീറ്റുകളിൽ അധികം നേടുമെന്ന് എംകെ സ്റ്റാലിൻ

 


തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 200 സീറ്റുകളിൽ അധികം നേടുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. ബിജെപിയുടെ അണ്ണാ ഡിഎംകെ മാസ്ക് അഴിപ്പിയ്ക്കുകയാണ് ലക്ഷ്യം. അതിനായാണ് തമിഴ്നാടും എൻഡിഎയും തമ്മിലാണ് മത്സരമെന്ന ക്യാമ്പയിൻ നടത്തുന്നതെന്നും എംകെ സ്റ്റാലിൻ എക്സ് പോസ്റ്റിൽ കുറിച്ചു. ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ ഭിന്നതയുണ്ടെന്ന ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തെത്തി. താനും രാഹുൽ ഗാന്ധിയും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശകളിൽ സഞ്ചരിക്കുകയാണെന്നും സഖ്യത്തിന്റെ വിജയത്തിനായി വിവിധയിടങ്ങളിൽ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.


മോദിക്ക് കീഴടക്കാൻ കഴിയാത്ത സ്റ്റാലിന് പകരം ഒരു അടിമക്കൂട്ടത്തെ അധികാരത്തിൽ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന രാഹുലിന്റെ വാക്കുകൾ വലിയ കാര്യമാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. സഖ്യം തകർന്നുവെന്നും രാഹുലും സ്റ്റാലിനും ഭിന്നത കാരണം ഒരേ വേദിയിൽ എത്തുന്നില്ലെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് സ്റ്റാലിൻ രംഗത്തെത്തിയത്. താൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തുമെന്നും സഖ്യം ശക്തമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم