ക്ഷേമ പെൻഷൻ 3,000 രൂപയാക്കും, സൗജന്യ ബിരുദ വിദ്യാഭ്യാസം തുടങ്ങി ഒട്ടനവധി വാഗ്ദാനങ്ങൾ; എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി


 നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27ൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പത്രികയിലുള്ളത്. സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സമ്പൂർണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കും എന്നും പ്രകടന പത്രികയിൽ പറയുന്നുണ്ട്. 


കൂടാതെ ടൂറിസം വളർച്ചയ്ക്ക് വിശദമായ പദ്ധതികളും തിരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കും. വര്‍ഗീയ ശക്തികള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിനു മാതമേ കഴിയൂവെന്നും പ്രകടന പത്രികയില്‍ പറയുന്നു.


സംസ്ഥാനത്തെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകിയെന്നും തനത് നികുതി വരുമാനം വർദ്ധിച്ചുവെന്നും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളുടെ സാമ്പത്തിക ശേഷി വർദ്ധിച്ചുവെന്നും കൂട്ടിച്ചേർത്തു. ജനകീയ സംവാദങ്ങൾക്ക് ശേഷമാണ് പ്രകടന പത്രികക്ക് രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കും. കേന്ദ്ര സർക്കാറിനെതിരെയുള്ള നിലപാട് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم