പിസി ജോർജിനെതിരെ കടുത്ത വിമർശനവുമായി കെസിബിസി രംഗത്തെത്തി. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതിയെ വിമർശിച്ച ക്രൈസ്തവ സഭാ നേതൃത്വത്തെ അധിക്ഷേപിച്ചതിന് പിന്നാലെയാണ് പിസി ജോർജിനെതിരെ കടുത്ത വിമർശനം. എഫ്‌സിആർഎ ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകൾ പിൻവലിക്കണമെന്ന ക്രൈസ്തവസഭാ മേലദ്ധ്യക്ഷൻമാരുടെ പ്രതികരണങ്ങൾക്കെതിരെ ചില രാഷ്ട്രീയ നേതാക്കളിൽ നിന്നുയരുന്ന അപസ്വരങ്ങൾ അപക്വവും നീതിക്ക് നിരക്കാത്തതുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള പറഞ്ഞു.
ക്രിസ്ത്യാനിയുടെ 'പേറ്റന്റ്' (കുത്തകാവകാശം) ഒരു രാഷ്ട്രീയ പാർട്ടിയും ഏറ്റെടുക്കണ്ട. സഭാപിതാക്കൻമാരുടെ ആശങ്കകൾക്കെതിരെ വെല്ലുവിളിച്ച് പ്രതികരിക്കുന്ന രാഷ്ട്രീയ പാർട്ടി നേതാക്കൾ ഒരു കാര്യം ഓർമ്മിക്കുന്നത് ഉചിതമായിരിക്കും സമുദായ നേതാക്കളോ, ബിഷപ്പുമാരോ നിങ്ങളുടെ ആരുടെയും അടിമകളല്ലെന്നുള്ളത്. രണ്ടരശതമാനം വരുന്ന ക്രിസ്ത്യാനികളാണ് ഈ രാജ്യത്ത് ആതുരാലയങ്ങളും വിദ്യാകേന്ദ്രങ്ങളും നിർമ്മിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിച്ചതെന്ന കാര്യം രാഷ്ട്രീയ നേതാക്കൾ വിസ്മരിക്കരുതെന്നും പ്രസാദ് കുരുവിള പറഞ്ഞു.
അതേസമയം, വിവാദ എഫ്സിആർഎ ഭേദഗതി ബിൽ ലോക്‌സഭയിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് എടുത്തില്ല. പ്രതിപക്ഷം അടക്കം കനത്ത പ്രതിഷേധം അഴിച്ചുവിടവെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ലോക്‌സഭയ്ക്ക് അകത്തും പാർലമെന്റിന് പുറത്തും പ്രതിപക്ഷ എംപിമാർ വലിയ പ്രതിഷേധമാണ് നടത്തിയത്.

إرسال تعليق