അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കും; പുതിയ പാർട്ടി പ്രഖ്യാപിച്ച് കെ കവിത, ബിആർഎസ് വിട്ടത് ഏഴു മാസം മുൻപ്


 പുതിയ പാര്‍ട്ടി രൂപീകരിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ കെ കവിത. തെലങ്കാന രാഷ്ട്ര സേന (ടിആര്‍എസ്) എന്ന പേരിലാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ഏഴ് മാസം മുമ്പ് പാര്‍ട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കവിത ബിആര്‍എസ് വിട്ടിരുന്നു. തെലങ്കാനയുടെ വികസനമാണ് ലക്ഷ്യമെന്ന് കവിത പ്രതികരിച്ചു. 2029ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് മത്സരിക്കുമെന്നും അവര്‍ പറഞ്ഞു.


തെലങ്കാനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിച്ച ബിആര്‍എസ് പാര്‍ട്ടി അവരുടെ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്നും കവിത ആരോപിച്ചു. കഴിഞ്ഞ മാസമായിരുന്നു പുതിയ രാഷ്ട്രീയ സംഘടനയുടെ രൂപീകരണത്തെക്കുറിച്ചുള്ള പ്രഖ്യാപനം. അന്ന് നടന്ന പത്രസമ്മേളനത്തില്‍ സമഗ്ര വികസനത്തിനും ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി തന്റെ പാര്‍ട്ടി നിലകൊള്ളുമെന്ന് കവിത പറഞ്ഞിരുന്നു.


ഹൈദരാബാദിലെ വസതിയിൽ പൂജ നടത്തിയ ശേഷമാണ് കവിത പാർട്ടി പ്രഖ്യാപനം നടത്തിയത്. തുടർന്ന് ഗൺപാർക്കിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള മുനീരാബാദിലെ കൺവെൻഷൻ സെന്ററിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു. നാടൻ പാട്ടുകളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ വലിയ ആഘോഷമായാണ് പാർട്ടി പ്രഖ്യാപന ചടങ്ങ് സംഘടിപ്പിച്ചത്.

Post a Comment

أحدث أقدم