കേരളത്തെയൊന്നാകെ കടുത്ത വേനൽചൂട് ചുട്ടുപൊള്ളിക്കുകയാണ്. 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. കടുത്ത ചൂട് തുടരുന്ന പാലക്കാട്, പുനലൂർ അടക്കമുള്ള സ്റ്റേഷനുകളിൽ ജാഗ്രത വേണം. അതേസമയം 55 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന പ്രചാരണം വ്യാജമാണെന്ന് ദുരന്ത നിവാരണ അതോറിറ്റി വിശദീകരണം നൽകി. ഫെബ്രുവരി പകുതിയോടെയാണ് കേരളത്തിൽ ചൂട് ആരംഭിച്ചത്. മാർച്ച്, ഏപ്രിൽ മാസം ആയതോടെ ചൂട് കഠിനമായി. അടുത്തൊന്നും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് വിലയിരുത്തലുകൾ.
വെള്ളിയാഴ്ച പാലക്കാട് സ്റ്റേഷനിൽ രേഖപ്പെടുത്തിയത് 40.1 ഡിഗ്രി സെൽഷ്യസ് ചൂടാണ്. പുനലൂരിൽ 39.8 ഉം. ഇന്നലെ പാലക്കാട് 39.2 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട്, പുനലൂർ, കണ്ണൂർ, കോട്ടയം സ്റ്റേഷനുകളിലാണ് തുടർച്ചയായി ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഇടയ്ക്ക് കിട്ടുന്ന വേനൽമഴയും ഈ കടുത്ത ചൂടിന് ആശാസമാകുന്നില്ല. മാർച്ച് ഒന്ന് മുതൽ കണക്കാക്കുന്ന വേനൽ മഴ കിട്ടിയത് ഇതുവരെയുള്ള കണക്ക് പ്രകാരം 22 ശതമാനം കുറവാണ്. മിക്ക ജില്ലകളിലും മഴ കുറവ് ഉണ്ട്. അടുത്തൊന്നും തുടർച്ചയായി പെയ്യുന്ന മഴയ്ക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

إرسال تعليق