കൊടുംചൂട് തുടരുമ്പോൾ കെഎസ്ഇബിക്ക് ഷോക്ക്; വൈകുന്നേരത്തെ വൈദ്യുതി ഉപഭോഗം 6000 മെഗാവാട്ട് കടന്നു


 സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരമാണ് വൈദ്യുതി ഉപഭോഗം 6012 മെഗാവാട്ട് ആയത്. ഏപ്രിൽ 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതോടെ കെഎസ്ഇബിയും ആശങ്കയിലാണ്. കടുത്ത ചൂടിൽ ഫാൻ, കൂളർ, എ സി എന്നിവ ഉപയോഗിക്കുന്നതിൽ വലിയ വർധനവ് ഉണ്ടായതാണ് വൈദ്യുതി ഉപഭോഗം വർധിപ്പിച്ചത്. ഉപഭോഗം 6000 മെഗാവാട്ട് പിന്നിട്ടാൽ പ്രതിസന്ധി ഉണ്ടാകുമെന്ന് കെഎസ്ഇബി നേരത്തെത്തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റ് ആണ്. 


ഏപ്രിലിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന നിലപാടിലാണ് കെഎസ്ഇബി. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ പീക്ക് സമയത്ത് (വെകുന്നേരം 6 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ഉപയോഗിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കണമെന്ന് കെഎസ്ഇബി നിർദേശിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുനിന്ന് വൻതോതിൽ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അധികമായി വാങ്ങുന്ന ഈ വൈദ്യുതിയുടെ ചെലവ് വരും മാസങ്ങളിലെ ഇന്ധന സർചാർജിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

Post a Comment

أحدث أقدم