വർഗീയ പരാമർശം നടത്തിയെന്നാരോപ്പിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര്യ സ്ഥാനാർത്ഥി ജി സുധാകരനെതിരെ പരാതി നൽകി ആലപ്പുഴ മത്സ്യത്തൊഴിലാളി യൂണിയൻ. പുന്നപ്ര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. 'കളർകോട് ക്ഷേത്രത്തിൽ മീൻ മണമുള്ള മണലടിച്ചു' എന്ന പ്രസ്താവനയിലാണ് പരാതി. ജി സുധാകരൻ്റെ പരാമർശത്തിൽ വർഗീയതയുണ്ടെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. വിവാദ പ്രസ്താവന നടത്തി മത്സത്തൊഴിലാളികളെ അപമാനിച്ചെന്നും പരാതിയിൽ പറയുണ്ട്. എച്ച് സലാം കളർകോട് ക്ഷേത്രത്തിൽ മീൻമണമുള്ള മണലടിച്ചു എന്നായിരുന്നു ജി സുധാകരന്റെ പരാമർശം. ജി സുധാകരൻ മാർച്ച് ആറാം തീയതി ആലപ്പുഴയിലെ പറവൂർ സ്കൂളിന് സമീപം നടത്തിയ പ്രചരണ പരിപാടിയിലാണ് വിവാദ പരാമർശം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പിൽ വോട്ടുനേടുന്നതിനായി സുധാകരൻ ബോധപൂർവ്വം നടത്തിയ പ്രസ്താവനയാണെന്നാണ് മത്സ്യത്തൊഴിലാളി യുണിയൻ പറയുന്നത്. മീൻ മണമുള്ള മണ്ണെന്ന് പറഞ്ഞ് മത്സ്യത്തൊഴിലാളികളെ അപമാനിച്ചെന്നും മത്സ്യത്തൊഴിലാളികൾക്ക് ക്ഷേത്രത്തിനകത്ത് യാതൊരു സ്ഥാനമില്ലെന്ന അർത്ഥത്തോടെയാണ് പരാമർശം നടത്തിയതെന്നും പരാതിയിൽ പറയുന്നുണ്ട്. സുധാകരൻ്റെ വിവാദ പരാമർശത്തിനെതിരെ അന്വേഷണം ആരംഭിച്ച് തുടർ നടപടികൾ എടുക്കണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ ആവശ്യപ്പെട്ടു.

إرسال تعليق