'നീതി കാണിക്കുന്ന ഒരു ഗവൺമെന്റ് അതാണ് നമ്മുടെ ആഗ്രഹം'; പാവപ്പെട്ടവരെ സഹായിക്കുന്ന സംശുദ്ധ സർക്കാർ അധികാരത്തിൽ വരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ



കോട്ടയം: കഴിഞ്ഞ 10 വർഷം അധികാരമുണ്ടായിരുന്നപ്പോൾ ഒന്നും ചെയ്യാത്തവരാണ് ഇപ്പോൾ വികസനം കൊണ്ടുവരുമെന്ന് പറഞ്ഞു നടക്കുന്നതെന്ന് കോട്ടയം നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ.കോട്ടയം നിയോജകമണ്ഡലത്തിലെ കോട്ടയം വെസ്റ്റ് മണ്ഡലത്തിലെ സ്ഥാനാർഥി പര്യടനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.




10 വർഷത്തെ ഭരണം പൂർത്തിയാക്കിയതിനുശേഷം ഇനി എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്ന് പോലെ ഇരിക്കുന്ന പിണറായി വിജയന്റെ ഗവൺമെന്റിലെ ചില ആളുകൾ പറയുന്നു ഇനി ഞങ്ങൾ വികസനം നടത്തുമെന്നാണ്. കഴിഞ്ഞ 10 വർഷം അധികാരം ഉണ്ടായിരുന്ന കാലത്ത് എന്തായിരുന്നു പണി? ആ കാലത്ത് ഈ കാര്യത്തെക്കുറിച്ച് ഒന്ന് ആലോചിക്കുകയെങ്കിലും ചെയ്യേണ്ടായിരുന്നോ? അതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.


നീതി കാണിക്കുന്ന ഒരു ഗവൺമെന്റ് അതാണ് നമ്മുടെ ആഗ്രഹം. പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്ന, അവർക്ക് അനുകൂലമായ തീരുമാനം എടുക്കുന്ന സംശുദ്ധ സർക്കാർ അധികാരത്തിൽ വരണം. കേരള ഭരണം കഴിഞ്ഞ 10 കൊല്ലമായി ഒരു കോക്കസ് റഞ്ചിയെടുത്തിരിക്കുകയാണ്. ആ കോക്കസുകളുടെ കൈയിൽനിന്ന് കേരളത്തിന്റെ സർക്കാരിനെ വിമുക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


കോട്ടയം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ്റെ കോട്ടയം വെസ്റ്റ് മണ്ഡ‌ലം പര്യടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കുഞ്ഞ് ഇല്ലംപള്ളി, മോഹൻ കെ. നായർ, എം.പി. സന്തോഷ്കുമാർ, എൻ. ജയചന്ദ്രൻ, സിബി ജോൺ, നന്ദിയോട് ബഷീർ, ഘടക കക്ഷി നേതാക്കളായ അബ്ദുൽ സലാം, തമ്പി ചന്ദ്രൻ, ഷഹബാസ്, ഉനൈസ് പാലപ്പറമ്പിൽ, ജോയി ചെട്ടിശേരി, കൗൺസിലർമാരായ ബിന്ദു സന്തോഷ്കുമാർ, ആനുഷ കൃഷ്ണൻ, ലീന ജയചന്ദ്രൻ, ടോം കോര, മോൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

തിരുവാതുക്കൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പര്യടനം മാളികപീടിക വഴി മാക്കിൽ പാലം, പച്ചിലക്കരി, ചിറത്തറമാലി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കണ്ണങ്കരിവട്ടം ബൈപാസ് വഴി പാറേച്ചാൽ ജെട്ടിയിലെത്തി. തുടർന്ന് ചുങ്കത്ത് മുപ്പത്, 15ൽ കടവ്, കാഞ്ഞിരം കവല, കല്ലുപുരയ്ക്കൽ, കരിമ്പിൽപടി, കാക്കാംപറമ്പ്, പാണംപടി എന്നിവിടങ്ങളിലൂടെ പര്യടനം നീങ്ങി. പുളിക്കമറ്റം ജംഗ്ഷൻ, ഇല്ലിക്കൽ പാലം, ആറാട്ട് കടവ് വഴി പാറപ്പാടം ക്ഷേത്ര ജംഗ്ഷനിൽ എത്തിച്ചേർന്നു.

അറവുപുഴ പള്ളി, വടക്കേടത്ത് ജംഗ്ഷൻ, മാണിക്കുന്നം, വേലംകടവ് വഴി മാന്താർ, ഭീമൻപടി, കാരാപ്പുഴ പാലം, തെക്കുംഗോപുരം, പുളിമൂട് ജംഗ്ഷൻ വഴി കെഎസ്ആർടിസിയിലെത്തിയ പര്യടനം രാത്രിയോടെ പള്ളിപ്പുറത്ത് കാവിൽ സമാപിച്ചു. ഓരോ കേന്ദ്രത്തിലും വോട്ടർമാർ നൽകിയ വമ്പിച്ച പിന്തുണ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം ഉറപ്പിക്കുന്നതാണെന്ന് നേതാക്കൾ പറഞ്ഞു.

Post a Comment

أحدث أقدم