മൂന്നാർ: ചുട്ടുപൊള്ളി മൂന്നാറും. കോട മഞ്ഞിനും കുളിരിനും പേരു കേട്ട മൂന്നാറിലും പകൽ ഉയർന്ന ചൂടാണ് രേഖപ്പെടുത്തുന്നത്. ചൂടേറിയതോടെ മൂന്നാറിലെ യു.വി ഇൻഡെക്സ് റേറ്റ് എട്ടിലെത്തി. ഇതോടെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
നേരിട്ട് വെയിൽ കൊള്ളരുതെന്നും പുറത്തിറങ്ങുമ്പോൾ പരമാവധി തലയും ശരീരവും മറക്കണമെന്നും വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകാനും നിർദ്ദേശമുണ്ട്. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ കൊടും ചൂടിൽ തൊഴിലാളികളെ പണിയെടുപ്പികരുതെന്ന് തോട്ടം മാനേജ്‌മെന്റിന് നിർദ്ദേശം നൽകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അതേ സമയം കൊടും ചൂടിൽ ആശ്വാസമായി ഇടുക്കിയിലടക്കം 29ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സീസണിലെ മെച്ചപ്പെട്ട മഴ ദിവസങ്ങൾ വരുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മറ്റന്നാൾ മുതൽ മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി.
ജില്ലയിൽ വേനൽ മഴ പകുതിയിലേറെ ഈ വർഷം കുറഞ്ഞു. 176 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 74 മി.മീ മഴ മാത്രമാണ് കിട്ടിയത്. 57 ശതമാനത്തിന്റെ കുറവ്. മാർച്ച് ഒന്ന് മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്.

إرسال تعليق